കൊയിലാണ്ടി: വൈദ്യുതി മുടങ്ങിയ 12 ദിവസം പിന്നിട്ടിട്ടും കൊയിലാണ്ടി ടൗണ്‍ഹാളില്‍ വൈദ്യുതി പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്ടഗ്രസ്സ് പ്രവര്‍ത്തകര്‍ ടൗണ്‍ഹാള്‍ പരിസരത്ത് പ്രതിഷേധ ജ്വാല തെളിയിച്ചു. ടൗണ്‍ഹാളില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുവാന്‍ സ്വകാര്യ സ്ഥാപനത്തിനാണ് നഗരസഭ അനുമതി നല്‍കിയത്. യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന് തകരാര്‍ സംഭവിക്കുന്നതും ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നതും പതിവ് സംഭവമായി മാറിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത്-നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല തെളിയിച്ചത്.
സ്വകാര്യ സ്ഥാപനത്തിന് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും അനുമതി നല്‍കിയത് നഗരസഭക്ക് അഴിമതി നടത്താനാണെന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് പ്രസിഡണ്ട് മുരളീധരന്‍ തോറോത്ത് ആരോപിച്ചു. നഗരസഭയുടെ കീഴിലുള്ള പല സ്ഥാപനങ്ങളിലും ഇത്തരത്തില്‍ കൊച്ചിയിലെ സ്വകാര്യ സ്ഥാപനമാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്.
ലക്ഷക്കണക്കിന് രൂപയാണ് ഇതിന്റെ പേരില്‍ നഗരസഭ ഭരിക്കുന്ന ഇടതുപക്ഷം അടിച്ച് മാറ്റിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നഗരസഭ നടത്തുന്ന അഴിമതിയുടെ ദുരന്തം അനുഭവിക്കേണ്ടി വരുന്നത് പാവപ്പെട്ട കച്ചവടക്കാരാണ്. ഇത് കച്ചവടക്കാരോടുള്ള വെല്ലുവിളിയാണെന്നും മുരളീധരന്‍ തോറോത്ത് പറഞ്ഞു.
രജീഷ് വെങ്ങളത്ത്കണ്ടി സ്വാഗതം പറഞ്ഞു. അരുണ്‍ മണമല്‍ അധ്യക്ഷത വഹിച്ചു. രത്‌നവല്ലി ടീച്ചര്‍, രാജേഷ് കീഴരിയൂര്‍, വി. ടി. സുരേന്ദ്രന്‍, ഷഹനാസ്, റാഷിദ് മുത്താമ്പി, മനോജ് കാളക്കണ്ടം, സുധാകരന്‍ വി. കെ, ആലി പി വി, പത്മനാഭന്‍, ശ്രീജു പയറ്റുവളപ്പില്‍, ഷീബ അരീക്കല്‍, നിഷ ആനന്ദ്, സനിത സുനില്‍കുമാര്‍, ജിഷ പുതിയേടത്ത്, സുമതി കെ എം, ശൈലജ ടി. പി, വിജയന്‍, ഉമേഷ് പി ടി, ശിവാനന്ദന്‍, ഷരീഫ, ഹംസ, പുരുഷോത്തമന്‍ കുറുവങ്ങാട്, അജിത കോമത്ത്കര, ഷാജുപിലാക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.