കൂത്തുപറമ്പ് (കണ്ണൂർ): ഭർതൃസഹോദരൻ തിന്നർ ഒഴിച്ച് തീക്കൊളുത്തിയ യുവതി ചകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. പാട്യം പത്തായക്കുന്നിലെ ശ്രീനാരായണയിൽ രജീഷിന്റെ ഭാര്യ സുബിനയാണ് മരിച്ചത്. ഭർതൃസഹോദരൻ രഞ്ജിത്താണ് യുവതിയെയും ഭർത്താവിനെയും മകനെയും തീ കൊളുത്തിയത്. സംഭവശേഷം രഞ്ജിത് ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം.
കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. അയൽവാസികൾ രജീഷിനെയും കുടുംബത്തെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് വീടിനുള്ളിലേക്ക് കയറിയ രഞ്ജിത് ആത്മഹത്യ ചെയ്തത്. രഞ്ജിത്തിന്റെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് വാള്യായി വാതക ശ്മശാനത്തിൽ സംസ്കരിച്ചു.
നാദാപുരത്തിനടുത്ത് പാറക്കടവ് സ്വദേശിയാണ് മരിച്ച സുബിന. ചന്ദ്രന്റെയും കൗസല്യയുടെയും മകളാണ്. സൂര്യതേജ് ആണ് മറ്റൊരു മകൻ. എ.സി.പി അരുൺ പവിത്രൻ, കതിരൂർ പൊലീസ്, ഫോറൻസിക് സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.