കണ്ണൂര്: കണ്ണൂരിൽ തീപിടിത്തമുണ്ടായ ട്രെയിനിൽ എൻ ഐ എ സംഘം പരിശോധന നടത്തി. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും. കേസ് ഉടൻ എൻഐഎ എറ്റെടുത്തേക്കില്ലെന്നാണ് സൂചന.
എലത്തൂർ തീവയ്പിന് പിന്നാലെ എക്സിക്യുട്ടീവ് ട്രെയിനിൽ രണ്ടാമതും തീപിടുത്തമുണ്ടായതിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ അന്വേഷണ ഏജൻസികളും ഏറെ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. എക്സിക്യൂട്ടീവ് ട്രെയിൻ മാത്രം ലക്ഷ്യം വെച്ച് നീങ്ങുന്നത് എന്തുകൊണ്ടാണ്? അതിന് പിന്നിൽ ഗൂഡാലോചനയുണ്ടോ? ഇരുസംഭവങ്ങളും കണ്ണൂരുമായി ബന്ധപ്പെട്ട് കിടക്കുന്നത് എന്തുകൊണ്ടാണ് ? എന്നതടക്കമുള്ള സംശയങ്ങളാണ് അന്വേഷണ സംഘങ്ങൾക്കുള്ളത്.
ഏലത്തൂർ തീവയ്പ് കേസിൽ സംസ്ഥാന പൊലീസിനപ്പുറത്തേക്ക് എൻ ഐ എയ്ക്ക് പോകാൻ കഴിഞ്ഞിട്ടില്ല. സ്വന്തം നിലയിൽ തീകത്തിച്ചെന്നാണ് പ്രതി ഷാരൂഖ് സേഫിയുടെ മൊഴി. ആദ്യ സംഭവവും രണ്ടാമത്തെ തീവയ്പും തമ്മിൽ പരസ്പര ബന്ധമുണ്ടോയെന്നതാണ് സംശയം.