എസ്എഫ്ഐക്കെതിരെ നടക്കുന്നത് പൊളിറ്റിക്കൽ മോബ് ലിഞ്ചിംഗ്: മന്ത്രി മുഹമ്മദ് റിയാസ്

news image
Mar 4, 2024, 1:00 pm GMT+0000 payyolionline.in

തിരുവനന്തപുരം > വലതുപക്ഷ രാഷ്ട്രീയ നിലപാടുള്ളവരും കേരളത്തിലെ മാധ്യമങ്ങളും ചേർന്ന് എസ്എഫ്ഐയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പൊളിറ്റിക്കൽ മോബ് ലിഞ്ചിംഗ് ആണിതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂക്കോട് സംഭവം ഒരുതരത്തിലും അംഗീകരിക്കാൻ പറ്റുന്നതല്ല. അത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാൻ പാടില്ലെന്നതിൽ കേരളം മുഴുവൻ ഒറ്റക്കെട്ടാണ്. അതിൽ കുറ്റവാളികളായത് ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന നിലപാടാണ് സർക്കാരിന്റേത്. കേരളത്തിലൊരിടത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. എന്നാൽ ഇതിന്റെയൊക്കെ പിന്നിൽ എസ്എഫ്ഐ ആണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന ഒരാളെ കണ്ടാൽ ആട്ടിയോടിക്കണം എന്ന നിലയിലുള്ള അസംബന്ധ പ്രചരണങ്ങളാണ് ചിലർ നടത്തുന്നത്.

 

 

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി കേരളത്തിൽ ഇത്തരം തെറ്റായ പ്രവണതകൾ ഉണ്ടാകാതിരിക്കുന്നതിലും കലാലയങ്ങളെ കൂടുതൽ ജനാധിപത്യവൽക്കരിക്കുന്നതിലും എസ്എഫ്ഐ വലിയ പങ്കുവഹിക്കുന്നുണ്ട്. ക്യാംപസുകളിലെ അരാജകത്വപ്രവണതകൾക്കെതിരെ ചെറുത്തുനിൽപുകൾ നടത്തിയതിന്റെ ഭാഗമായി ജീവൻ നഷ്ടപ്പെട്ടവരാണ്  സെയ്ദാലിയെപ്പോലുള്ളവർ. റാഗിംഗിനും അരാജകത്വ നിലപാടുകൾക്കുമെതിരെ പ്രവർത്തിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്തുവരുന്നവരാണ് എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നത്. അതിൽനിന്ന് വ്യത്യസ്തമായി ആരെങ്കിലും ഒറ്റപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ കർക്കശമായ നിലപാടാണ് അവർക്കെതിരെ എസ്എഫ്ഐ സ്വീകരിച്ചുവരുന്നത് – മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ മറ്റുകലാലയങ്ങൾപോലെ വർഗീയ കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ആളുകൾ പഠിക്കുന്ന സ്ഥാപനങ്ങളാക്കി കേരളത്തിലെ കലാലയങ്ങളെ മാറ്റാനാണ് ചിലർ ലക്ഷ്യമിടുന്നത്. എസ്എഫ്ഐയുടെ സാന്നിധ്യം അതിനു തടസമാണ്. മതവർഗീയവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നത് എസ്എഫ്ഐയാണ്. ഭാവിതലമുറയെ മതവർഗീയ ധ്രുവീകരണത്തിന്റെ വക്താക്കളാക്കിമാറ്റുന്ന ഫാക്ടറികളായി കേരളത്തിലെ ക്യാംപസുകൾ മാറാതിരിക്കാൻ കാരണം എസ്എഫ്ഐ ആണ്.  എസ്എഫ്ഐ ദുർബലപ്പെടണമെന്നാഗ്രഹിക്കുന്നത് മതവർഗീയ ശക്തികളും അരാജകത്വപ്രവണതകൾ വളരണമെന്നാഗ്രഹിക്കുന്നവരുമാണ്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ പ്രചരണം. എന്നിട്ടും ക്യാംപസുകളിൽ എസ്എഫ്ഐ പിടിച്ചുനിൽക്കുന്നതും വിജയിക്കുന്നതും നീതിക്കുവേണ്ടി നിലകൊള്ളുന്നതിനാലാണെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe