എം ശിവശങ്കർ ജയിലിൽ നിന്നും ഇറങ്ങി, ചികിത്സക്കായി ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ

news image
Aug 3, 2023, 1:02 pm GMT+0000 payyolionline.in

കൊച്ചി : ലൈഫ് മിഷൻ കോഴ കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച എം ശിവശങ്കർ കാക്കനാട് ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ജാമ്യാപേക്ഷയിലാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചത്. ചികിത്സ ആവശ്യത്തിന് മാത്രം ഈ കാലാവധി ഉപയോഗിക്കണമെന്ന കർശന വ്യവസ്ഥയിലാണ് ജാമ്യം. ജയിൽ നിന്നും ചികിത്സയ്ക്കായി കൊണ്ട് പോകാൻ ശിവശങ്കറിന്‍റെ കുടുംബം എത്തിയിരുന്നു.

ഇഡി രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കോഴ കേസിൽ ഒന്നാം പ്രതിയായ എം ശിവശങ്കർ ഫെബ്രുവരി 14 മുതൽ റിമാൻഡിലാണ്. സുപ്രീം കോടതി ഉത്തരവിന് പുറമെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ പ്രൊഡക്ഷൻ വാറണ്ട് പിൻവലിച്ചുള്ള സെഷൻസ് കോടതി ഉത്തരവ് ജയിലിൽ ലഭിച്ച ശേഷം ഉച്ചക്ക് 2.30 മണിയോടെ ആണ് ശിവശങ്കർ ജയിൽ മോചിതനായത്.

ചികിത്സയ്ക്ക് വേണ്ടി സുപ്രീംകോടതിയാണ് ശിവശങ്കറിന് രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളി. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിച്ച് എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധർ നല്കിയ റിപ്പോർട്ട് എം ശിവശങ്കർ ഹാജരാക്കി. കേസിലെ മറ്റു പ്രതികൾക്കെല്ലാം ജാമ്യം കിട്ടിയതാണെന്നും എം ശിവശങ്കറിൻറെ അഭിഭാഷകൻ ജയ്ദദിപ് ഗുപ്ത ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയെ ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു.

കസ്റ്റഡിയിൽ തുടരുമ്പോൾ തന്നെ ശിവശങ്കർ നിശ്ചയിക്കുന്ന ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താവുന്നതാണെന്ന് തുഷാർ മേത്ത വാദിച്ചു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷവും ചികിത്സ വേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസത്തെ ജാമ്യം കോടതി നല്കിയത്. സാക്ഷികളെ കാണുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന കർശന ഉപാധിയോടെയാണ് ജാമ്യം. ലൈഫ് മിഷൻ കേസിൽ ഫെബ്രുവരി പതിനാലിനാണ് എം ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe