ബംഗളൂരു > ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ വണിന്റെ നാലാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയായെന്ന് ഐഎസ്ആർഒ അറിയിച്ചു. ഭൂമിക്കു ചുറ്റുമുള്ള അവസാന ഭ്രമണപഥ ഉയർത്തലാണ് പൂർത്തിയാക്കിയത്. ഭൂമിയിൽ നിന്ന് 256 കിലോമീറ്റർ അടുത്ത ദൂരവും 1,21,973 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്.
19ന് പേടകം ഭൂഭ്രമണപഥം വിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കും. ജനുവരി ആദ്യവാരം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് -1 ൽ എത്തും. ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളായ മൗറീഷ്യസ്, ബംഗളൂരു, പോർട്ട് ബ്ലെയർ എന്നിവിടങ്ങളില്‍ നിന്ന് വാഹനത്തെ ട്രാക്ക് ചെയ്തു.
ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റാണ് ഇനി ദൗത്യ ലക്ഷ്യം. ഭൂമിക്കും സൂര്യനുമിടയിൽ ഗുരുത്വാകർഷണബലം തുല്യമായ മേഖലയാണ് ഒന്നാം ലഗ്രാഞ്ചിയൻ പോയിന്റ്. നാല് മാസം സഞ്ചരിച്ചാണ് പേടകം ഇവിടെ എത്തുക. പ്രത്യേക ഭ്രമണപഥത്തിൽ അഞ്ച് വർഷം പേടകം സൗര പര്യവേക്ഷണം നടത്തും. സൂര്യന്റെ ഘടന, കാലാവസ്ഥ എന്നിവയടക്കം സൂക്ഷ്മമായി പഠിച്ച് വിവരങ്ങൾ ഭൂമിയിലേക്ക് അയക്കും. സൗരവാതങ്ങൾ, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ തുടങ്ങിയ സൗരപ്രതിഭാസങ്ങളെയും നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും. 24 മണിക്കൂറും വിവരശേഖരണം നടത്താനും കഴിയും. ഇതിനായി ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. ഒരുദിവസം 1400ലധികം ചിത്രങ്ങളെടുത്ത് ഭൂമിയിലേക്ക് അയക്കാൻ ശേഷിയുണ്ട്.