‘അരിക്കൊമ്പൻ സാധു, ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ’; പദ്ധതിയെന്ത്? നിലപാട് വ്യക്തമാക്കി തമിഴ്നാട് മന്ത്രി

news image
Jun 2, 2023, 1:35 am GMT+0000 payyolionline.in

കട്ടപ്പന: തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യം തുടരുമെന്ന് സഹകരണ മന്ത്രി ഐ പെരിയസ്വാമി വ്യക്തമാക്കി. അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണെന്നും അദ്ദേഹം കുമിളിയിൽ പറഞ്ഞു. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കുകയുള്ളു. ആനയെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടുമെന്നും 300 പേരടങ്ങുന്ന സംഘത്തെ കാട്ടാനയെ നിരീക്ഷിച്ച് വരുന്നതായും മന്ത്രി അറിയിച്ചു.

അരിക്കൊമ്പൻ വനത്തിന് പുറത്തേക്കിറങ്ങാതെ മയക്കുവെടി വയ്ക്കേണ്ടെന്നാണ് വനം വകുപ്പിന്‍റെ തീരുമാനം. ആന മേഘമല ഭാഗത്തേക്ക് തന്നെ സഞ്ചരിക്കുന്നതായാണ് സൂചനകൾ. കമ്പത്ത് നിന്നും പരിഭ്രാന്തിയോടുകൂടി ഓടിയ ആന രണ്ട് ദിവസം ക്ഷീണിതനായിരുന്നു. കാട്ടിനുള്ളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടിയതോടെ ആനയുടെ ആരോഗ്യത്തിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.

അതേസമയം, മുതുമലയിൽ നിന്നുള്ള ആദിവാസികൾ അടങ്ങുന്നവരുടെ പ്രത്യേക സംഘമാണ് അരിക്കൊമ്പൻ നിരീക്ഷണം തുടരുന്നത്. ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്ന് കണ്ടെത്തിയാണ് തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്. 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

കൊമ്പനെ പിടികൂടി വെള്ളമലയിലെ വരശ്നാട് താഴ്‍വരയിലേക്ക് മാറ്റാനായിരുന്നു നീക്കം. രണ്ട് ദിവസം തങ്ങിയ കമ്പത്തെ ഷണ്മുഖ നദി അണക്കെട്ട് പരിസരത്തു നിന്ന് അരിക്കൊമ്പൻ മറ്റൊരു സ്ഥലത്തേക്ക് നീങ്ങിയെന്ന് ഇന്നലെ വ്യക്തമായിരുന്നു. വടക്ക് – കിഴക്ക് ദിശയിലുള്ള എരശക്കനായ്ക്കന്നൂർ ഭാഗത്തെ വനത്തിനുള്ളിലാണ് കൊമ്പനുള്ളതെന്ന് ഇന്നലെ സി​ഗ്നലുകളിൽ നിന്ന് വ്യക്തമായി.

ഇന്നലെ രാവിലെ പൂശാനംപെട്ടിയിലെ പെരുമാൾ കോവിലിന് സമീപത്തെ വനത്തിലായിരുന്നു അരിക്കൊമ്പന്‍റെ സാറ്റലൈറ്റ് കോളർ സിഗ്നലുണ്ടായിരുന്നത്. ഈ ഭാഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇവിടെ നിന്നും രണ്ട് കിലോ മീറ്റർ അകലെയാണ് ജനവാസ മേഖല. എന്നാൽ കാട്ടിൽ നിന്നും പുറത്തേക്കിറങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe