‘ഞാൻ ഇവിടെ വന്നിട്ടുപോലുമില്ല, കുറ്റം ചെയ്തിട്ടില്ല’; തെളിവെടുപ്പിനിടെ അഭിരാം കൊലക്കേസ് പ്രതിയുടെ പൊട്ടിക്കരച്ചിൽ

news image
Nov 8, 2026, 12:56 pm GMT+0000 payyolionline.in

തിരുവനന്തപുരം: പാങ്ങപ്പാറയിൽ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ തെളിവെടുപ്പിനിടെ രണ്ടാം പ്രതി ഉമർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ‘എനിക്ക് അഭിരാമിനെ അറിയില്ല. ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്. ഞാൻ ഇവിടെ വന്നിട്ടില്ല. സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല. എന്നെ പ്രതിയാക്കിയതാണ്’, ഉമർ പറഞ്ഞു.

കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോഴായിരുന്നു ഉമർ കരഞ്ഞുകൊണ്ട് പ്രതികരിച്ചത്. കേസിൽ റിമാൻഡിലായിരുന്ന ഉമറിനെയും മൂന്നാം പ്രതി മണക്കാട് സ്വദേശിനിയായ ആനന്ദയെയും പോലീസ് ശനിയാഴ്ചയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഉമറിന്റെ സഹായത്തോടെയാണ് 17-വയസ്സുകാരനായ ഒന്നാം പ്രതി അഭിരാമിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

ആദ്യം ഉമറിന്റെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. തുടർന്നാണ് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കേസിൽ ഉമറിന്റെ കാമുകിയായ ആക്കുളം സ്വദേശി ഐശ്വര്യയും പ്രതിയാണ്. ഒന്നാം പ്രതിയെയും ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.

കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ആനന്ദയുടെ ഇൻസ്റ്റഗ്രാം വഴി ഒന്നാംപ്രതിയാണ് കഴിഞ്ഞ നവംബർ ഒന്നിന് അഭിരാമിനെ പാങ്ങപ്പാറയിലെ പേരൂരിലെ വാഴത്തോട്ടത്തിനുസമീപം വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. അഭിരാമിന്റെ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് പ്രതികൾ പദ്ധതിയിട്ടതെങ്കിലും, അഭിരാം കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിൽ 17-കാരനായ ഒന്നാംപ്രതി നിലവിൽ പൂജപ്പുരയിലെ ഒബ്‌സർവേഷൻ ഹോമിലാണ്.

ഇതിനിടെ ഒന്നാം പ്രതിയുടെ പ്രായത്തിൽ അഭിരാമിന്റെ കുടുംബം സംശയം ഉന്നയിച്ചിട്ടുണ്ട്. ഇയാൾക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്നാണ് അഭിരാമിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നത്. അഭിരാമിന്റെ സീനിയറായാണ് ഒന്നാം പ്രതി സ്‌കൂളിൽ പഠിച്ചിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe