കാർഗിലിൽ വാഹനാപകടത്തിൽ കോഴിക്കോട് ചേളന്നൂർ സ്വദേശിയായ സൈനികൻ വീരമൃത്യു വരിച്ചു; മൃതദേഹം ഇന്ന് അർദ്ധരാത്രി നാട്ടിലെത്തിക്കും

news image
Nov 6, 2026, 1:59 pm GMT+0000 payyolionline.in

കോഴിക്കോട്: ജമ്മുകശ്മീരിലെ കാർഗിലിൽ സൈനീക വാഹനാപകടത്തിൽ വീരമൃത്യു വരിച്ച കോഴിക്കോട് ചേളന്നൂർ സ്വദേശി എസ്.ആർ അരുൺ രാജിൻറെ ഭൗതിക ശരീരം ഇന്ന് അർദ്ധ രാത്രിയോടെ നാട്ടിലെത്തിക്കും. ചേളന്നൂർ പെരുംപൊയിലിലെ കാർത്തിക വീട്ടിൽ നാളെ രാവിലെ എട്ടുമണിവരെ പൊതുദർശനം ഉണ്ടാകും. എട്ട് മണിയോടെ വീട്ടുവളപ്പിലാണ് പൂർണ്ണ സൈനീക ബഹുമതികളോടെ സംസ്കാരം. കാർഗിലിൽ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തിൽ അരുൺ രാജിനൊപ്പം മറ്റൊരു സൈനികനും വീരമൃത്യു വരിച്ചു. മദ്രാസ് എഞ്ചിനിയറിങ്ങ് ഗ്രൂപ്പിൽ ഹവിൽദാറായിരുന്നു അരുൺ രാജ്. 21 വർഷമായി സൈന്യത്തിലാണ്.

കഴിഞ്ഞ ഓണത്തിന് തൊട്ടു മുൻപ് നാട്ടിൽ വന്ന് പോയതാണ്. ഇക്കഴിഞ്ഞ 3 ന് അരുൺ രാജിൻറെ നാൽപതാം പിറന്നാളായിരുന്നു. അതിന് തൊട്ട് പിറ്റേന്നാണ് വീരമൃത്യു. ചേളന്നൂർ പെരുംപൊയിൽ സ്വദേശിയാണ് അരുൺ രാജ്. ഗുരുവായൂരപ്പൻ കോളേജിലെ ബിരുദ പഠനത്തിനിടെയാണ് സൈനീക സേവനം തുടങ്ങിയത്. രേഷ്മയാണ് ഭാര്യ. കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ആദ്യ അരുൺ ഏകമകളാണ്. അരുൺ രാജിൻറെ വിയോഗം ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe