തിരുവനന്തപുരം : നവംബർ മൂന്ന് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം ആരംഭിക്കും. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തിന്റെ കാര്യം ഈ മാസം 16-ന് സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് ബസുടമകൾ വ്യക്തമാക്കി. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
അതേസമയം, സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയെത്തുടർന്ന് ഉപജീവനമാർഗം പ്രതിസന്ധിയിലായെന്നാരോപിച്ച് സ്വകാര്യ ബസ് ഉടമകളുടെ മറ്റൊരു വിഭാഗം സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും വൈസ് പ്രസിഡന്റും ചേർന്ന് നയിക്കുന്ന ഈ സമരത്തിൽ, പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെയും വരുമാനത്തിന്റെയും അളവ് കുത്തനെ കുറഞ്ഞതായും പല സർവീസുകളും നിർത്തിവെക്കേണ്ടിവന്നതായും ആരോപിക്കുന്നു. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മേഖലയെ ആശ്രയിച്ച് കഴിയുന്ന ഏകദേശം 60,000-ത്തോളം കുടുംബങ്ങളുടെ ഉപജീവനമാർഗം പൂർണമായി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് അറിയിച്ചു. നിലവിൽ സർവീസുകൾ നിശ്ചലമാക്കി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ശരണ്യ മനോജ് വ്യക്തമാക്കിയിട്ടുള്ളത്. സമാധാനപരമായ രീതിയിൽ പ്രതിഷേധം തുടരാനാണ് തീരുമാനമെന്നും ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. വരും ദിവസങ്ങളിൽ സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് ശക്തമാക്കാനാണ് ബസുടമകളുടെ നീക്കം.
