കണ്ണൂർ വനിതാ ജയിലിൽ തടവുകാരിയിൽനിന്ന് എം.ഡി.എം.എ. പിടികൂടി

news image
Oct 13, 2026, 6:33 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ വനിതാ ജയിലിലെ ശിക്ഷാതടവുകാരിയിൽ നിന്ന് ലഹരിമരുന്നായ എം.ഡി.എം.എ. (0.30 ഗ്രാം) പിടികൂടി. ഇരിട്ടി സ്വദേശിയായ റുബൈദയിൽ നിന്നാണ് ജയിൽ അധികൃതർ മയക്കുമരുന്ന് കണ്ടെടുത്തത്. സഹതടവുകാരിയായ സാബിറ നൽകിയതാണ് ഈ മയക്കുമരുന്നെന്നാണ് റുബൈദയുടെ പ്രാഥമിക മൊഴി. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് പ്രതിയെ തിങ്കളാഴ്ച ന്യൂമാഹി കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി നടപടികൾക്ക് ശേഷം തിരികെ ജയിലിൽ എത്തിച്ചപ്പോഴാണ് മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയത്. ജയിലിനുള്ളിൽ വെച്ച് പ്രതികൾ വെള്ളം കുടിക്കാനായി ഗ്ലാസെടുത്തപ്പോൾ തോന്നിയ സംശയത്തെ തുടർന്ന് ജീവനക്കാർ നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്.

നേരത്തെയും മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടാണ് റുബൈദയും സാബിറയും കണ്ണൂർ വനിതാ ജയിലിൽ കഴിയുന്നത്. സംഭവത്തിൽ ജയിൽ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോടതിയിൽ കൊണ്ടുപോയ സമയത്താണോ അതോ ജയിലിനുള്ളിൽ വെച്ചാണോ ലഹരിമരുന്ന് കൈമാറിയതെന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe