തിക്കോടി: ദേശീയപാത വികസനത്തെ തുടർന്ന് രൂക്ഷമായ യാത്രാദുരിതത്തിന് പരിഹാരമായി തിക്കോടിയിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയനും (കെ.എസ്.എസ്.പി.യു) രംഗത്ത്. അടിപ്പാതയ്ക്കായുള്ള നാട്ടുകാരുടെ പ്രതിഷേധങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച പെൻഷനേഴ്സ് യൂണിയൻ, വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകാനും തീരുമാനിച്ചു.
തീരദേശ ഹാർബർ, വിദ്യാലയങ്ങൾ, കാർഷിക കേന്ദ്രങ്ങൾ, പൊതുജന സമ്പർക്കം ആവശ്യമായ വിവിധ സ്ഥാപനങ്ങൾ എന്നിവ തിക്കോടി ടൗണിന്റെ കിഴക്കും പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്നതിനാൽ ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. എന്നാൽ ഹൈവേ വികസനം വന്നതോടെ നാട് രണ്ടായി പിളരുകയും രോഗികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ കടുത്ത യാത്രാദുരിതം അനുഭവിക്കുകയുമാണ്.
രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രദേശവാസികൾ മുഴുവൻ ഒറ്റക്കെട്ടായി സമരരംഗത്തുണ്ടെങ്കിലും ഇതുവരെ അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പെൻഷൻകാരും പിന്തുണയുമായി എത്തിയത്.
പഞ്ചായത്ത് ബസാർ സാംസ്കാരിക നിലയം പരിസരത്ത് ചേർന്ന യോഗത്തിൽ പി.ടി. ബാബു സരയൂ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു പടിക്കൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ. പത്മനാഭൻ മാസ്റ്റർ, ബ്ലോക്ക് സാംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി, പി.കെ. പുരുഷോത്തമൻ, ബാലൻ കേളോത്ത്, പുൽപാണ്ടി മോഹനൻ, കൃഷ്ണൻ മാസ്റ്റർ, രാമകൃഷ്ണൻ പള്ളിക്കര, എ. കുഞ്ഞികൃഷ്ണൻ, ടി.എൻ. ബാലകൃഷ്ണൻ, സർവ്വമംഗള, കെ.കെ. രാജൻ, ആമിന ടീച്ചർ, ജ്യോതിശ്രീ, സി. രാജനി, വി.ടി. ഗോപാലൻ എന്നിവർ സംസാരിച്ചു.
