പയ്യോളി: കീഴൂരിൽ പുതുതായി ആരംഭിക്കുന്ന പെട്രോൾ പമ്പ് ജനവാസ മേഖലയ്ക്ക് ഭീഷണിയാകുന്ന വിധത്തിലെന്ന് ആരോപിച്ച് നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായുള്ള ധാരണ സെപ്റ്റംബർ 27 ഞായറാഴ്ച നടക്കും.
രാവിലെ 10 മണിക്ക് വില്ലേജ് ഓഫീസിന് സമീപംനടക്കുന്ന ധർണ്ണ പയ്യോളി നഗരസഭാ ചെയർപേഴ്സൺ എൻ. സാഹിറ ഉദ്ഘാടനം ചെയ്യും.
എൽ.കെ.ജി മുതൽ എട്ടാം ക്ലാസ് വരെ നൂറുകണക്കിന് പിഞ്ചുകുട്ടികൾ പഠിക്കുന്ന മദ്രസ, സമീപത്തുള്ള ശിശുമന്ദിരം, വെറും ഒന്നര മീറ്റർ മാത്രം അകലെയുള്ള സ്വകാര്യ ക്ലിനിക്ക് എന്നിവയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള നിർമ്മാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലും കളക്ടറേറ്റിലും നാട്ടുകാർ നൽകിയ പരാതികൾ അധികൃതർ പൂർണ്ണമായി അവഗണിച്ചതായും ആരോപണമുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിനും കുട്ടികളുടെ സുരക്ഷയ്ക്കും വലിയ ഭീഷണി ഉയർത്തുന്ന ഈ ജനവിരുദ്ധ നിലപാടിനെതിരെ കീഴൂർ പെട്രോൾ പമ്പ് വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഒന്നടങ്കം രംഗത്തിറങ്ങിയിരിക്കുകയാണ്. നാടിന്റെയും വരുംതലമുറയുടെയും ഭാവി മുൻനിർത്തി സംഘടിപ്പിക്കുന്ന ബഹുജന സമരത്തിൽ മുഴുവൻ നാട്ടുകാരും പങ്കാളികളാകണമെന്ന് ജനകീയ സമിതി അഭ്യർത്ഥിച്ചു.
