തിരുവല്ല: ഇടിഞ്ഞിലത്തെ സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായ വീട്ടമ്മ മരിച്ചത് ചികിത്സ പിഴവിനെത്തുടർന്നെന്ന് ബന്ധുക്കൾ. കോട്ടയം ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വീട്ടിൽ വിദ്യ വി.ജി ആണ് മരിച്ചത്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന് മെഡ് ലോഞ്ചസ് ക്ലിനിക്ക് അധികൃതർ പറഞ്ഞു.
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ 45കാരിയായ വിദ്യ ഈ മാസം 16നാണ് ഇടിഞ്ഞില്ലം മെഡ് ലോഞ്ചസ് എന്ന ക്ലിനിക്കിൽ ചികിത്സ തേടിയത്. ശസ്ത്രക്രിയയ്ക്ക് മുമ്പായി അനസ്തേഷ്യ നൽകി. സർജറിക്കിടെ ഹൃദയാഘാതമുണ്ടായ വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിലേറ്റിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രിയിലാണ് മരിച്ചത്. അനസ്തേഷ്യയിലെ പാകപ്പിഴയും തുടർചികിത്സ നൽകുന്നതിലെ കാലതാമസവുമാണ് മരണകാരണമെന്ന് വിദ്യയുടെ മക്കൾ പറഞ്ഞു.
ചികിത്സാ പിഴവുണ്ടായിട്ടില്ലന്നാണ് മെഡ് ലോഞ്ചസ് ക്ലിനിക്ക് അധികൃതരുടെ വിശദീകരണം. തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ലൈപോസെക്ഷൻ നടത്തിയ ക്ലിനിക്കിനെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
