ചോദ്യപേപ്പർ ചോർച്ച തടയാൻ എൻ.ടി.എ: വിവർത്തനത്തിന് ഇനി എ.ഐ, സുരക്ഷ ശക്തമാക്കുന്നു

news image
Sep 17, 2026, 7:02 am GMT+0000 payyolionline.in

ചോദ്യപേപ്പർ ചോർച്ച തടയാൻ കൂടുതൽ പരിഷ്കരണങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷാ ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി എഐ ജനറേറ്റഡ് ആക്കും. ഇതിനായി എഐ അധിഷ്ഠിത വിവർത്തന പ്ലാറ്റ്ഫോം ഒരുക്കും. ചോദ്യപേപ്പറുകളുടെ വിവർത്തകർക്ക് പുതിയ ചുമതല നൽകും. ഇംഗ്ലീഷ് ഭാഷയിൽ നിന്നുള്ള എഐ ജനറേറ്റഡ് വിവർത്തനങ്ങൾ അവലോകനം ചെയ്യണം. ‌എഐ വിവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നിർദേശിക്കാം.

പരമ്പരാഗത വിവർത്തകരിൽ നിന്ന് എൻടിഎ പുതിയ ആളുകളെ തേടി. ഇവർ എപ്പോഴും നിരീക്ഷണത്തിൽ ആയിരിക്കും. വിവർത്തകർക്ക് ചോദ്യപേപ്പർ മുഴുവനായി നൽകില്ല. എഐ വിവർത്തനങ്ങൾ അവലോകനം ചെയ്യുന്നവർക്ക് ഓരോ ചോദ്യങ്ങളായി മാത്രമേ ലഭിക്കൂ. ചോദ്യപേപ്പറിൽ ഇനങ്ങൾ പ്രത്യക്ഷപ്പെടുന്ന ക്രമവും നൽകില്ല. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ വിവർത്തകർക്ക് വലിയ പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

നീറ്റ് പരീക്ഷാ ചോദ്യ പേപ്പറിൽ‌ എൻടിഎ രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പരീക്ഷാ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കർശന നിർദേശം നൽ‌കിയിരുന്നു. പരീക്ഷാ നടത്തിപ്പ് സമിതിയിൽ അഴിച്ചു പണി നടത്തിയിരുന്നു. 600 വിദഗ്ധരെ മാറ്റി പകരം പുതിയ വിദഗ്ധരെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാൻ 4-ടയർ പരിശോധനാ സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe