മൈസൂരു-ബെംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. മാനന്തവാടി സ്വദേശിയായ അഫ്രീന (23) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റുയാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരുവിൽനിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ ബിടതിയിൽവെച്ച് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ അപകടങ്ങൾ പതിവായുണ്ടാകുന്ന സ്ഥലങ്ങളിലൊന്നാണ് ബിടതി.
വാഹനത്തിൽ ആകെ നാലുപേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. അഫ്രീനയുടെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
