വനംവകുപ്പിന് രഹസ്യവിവരം, പിടിച്ചത് വിൽപ്പനയ്ക്കെത്തിച്ച രണ്ട് കിലോ വരെ തൂക്കമുള്ള 80തോളം കടൽവെള്ളരികൾ

news image
Sep 7, 2026, 8:23 am GMT+0000 payyolionline.in

തിരുവനന്തപുരം: പവിഴപ്പുറ്റുകൾക്കിടയിലും കടലിൻറെ അടിത്തട്ടിലെ മണലിലും കാണപ്പെടുന്ന സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ വനംവകുപ്പ് പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പനവൂർ അഞ്ചാംകല്ല് കൂനൻവേണ്ട റോഡരികത്ത് പുത്തൻവീട്ടിൽ അജിമോൻ (46), വെങ്ങാനൂർ വവ്വാമൂല നെല്ലിവിള വടക്കേക്കര വീട്ടിൽ ഷിജുകുമാർ (41) എന്നിവരാണ് കോവളം ലൈറ്റ്ഹൗസിന് സമീപത്ത് നിന്നും പിടിയിലായത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന എൺപതോളം കടൽവെള്ളരികളാണ് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ട് കിലോഗ്രാം വരെ തൂക്കമുണ്ടായിരുന്നു. പ്രതികൾ ഉപയോഗിച്ച വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.

ഇന്ത്യയിൽ കടൽവെള്ളരികളെല്ലാം വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിലുള്ളവയാണ്‌. അതിനാൽ ഇവയെ പിടികൂടുന്നതും കൈവശം വയ്ക്കുന്നതും വിൽപ്പന നടത്തുന്നതും നിയമവിരുദ്ധമാണ്. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണ് കടൽവെള്ളരികളെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ ഇവ ഉപയോഗിക്കുന്നതിനാൽ വിദേശരാജ്യങ്ങളിലേക്കുള്ള കടത്തും വ്യാപകമാണെന്നാണ് വിവരം. കടൽവെള്ളരി ശേഖരിച്ച് വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് മുമ്പും കേസുകൾ ഉണ്ടായിട്ടുണ്ട്. 2024ൽ കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ കടൽവെള്ളരി പിടികൂടി വനംവകുപ്പിന് കൈമാറിയിരുന്നു. 2002ൽ പെരുമ്പാവൂരിലും വനം വിജിലൻസ് വിഭാഗം സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി .വിപിൻ ചന്ദ്രൻ, എസ്എഫ്ഒമാരായ അനു കൃഷ്ണൻ, ജിജിമോൻ, പ്രദീപ്, ബിഎഫ്ഒമാരായ മുകേഷ്, മനുചന്ദ്രൻ, വിഷ്ണു, രമ്യ, എഫ്ബിഎ പ്രദീപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe