തൃശൂർ: കുന്നംകുളം ആർത്താറ്റിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലേക്ക് ഇടിച്ചുകയറി മൂന്ന് വയസ്സുള്ള കുഞ്ഞുൾപ്പെടെ മൂന്ന് പേർ മരിച്ചു . തൃശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.40-ഓടെയായിരുന്നു അപകടം. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി.
കുന്നംകുളത്തു നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കുടുംബം റോഡരികിൽ ബൈക്ക് നിർത്തി മൊബൈലിൽ സംസാരിക്കുന്നതിനിടെയാണ് വേഗതയിലെത്തിയ കാർ ഇടിച്ചുകയറിയത്. ബൈക്കിലിടിച്ച ശേഷം കാർ സമീപത്തെ വൈദ്യുത പോസ്റ്റിലും ഇടിച്ചുനിന്നു. നാട്ടുകാർ ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികൾ മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ് ജില്ലയെ വീണ്ടും കണ്ണീരിലാഴ്ത്തിയ മറ്റൊരു അപകടം കൂടി ഉണ്ടായിരിക്കുന്നത്.
