ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: ഗതാഗത സെക്രട്ടറി നാളെ റിപ്പോർട്ട് സമർപ്പിക്കും; എം.വി.ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ

news image
Aug 28, 2026, 7:04 am GMT+0000 payyolionline.in

മലപ്പുറം: മോട്ടോർ വാഹനവകുപ്പ് വാഹനത്തിന് ഫിറ്റ്നസ് നൽകാത്തതിൽ മനംനൊന്ത് ഓട്ടോഡ്രൈവറായ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ ​ഗതാ​ഗത സെക്രട്ടറി ശനിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. വിഷയത്തിൽ മോട്ടോർ വാഹനവകുപ്പിനെതിരേ ​ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ​ഗതാ​ഗത സെക്രട്ടറി അന്വേഷണം നടത്തിയത്. അതിനിടെ, നേരത്തേ രണ്ടുതവണ ഏജന്റുമാർ വഴി ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ ഷൗക്കത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതായും ഇത്തവണ ഏജന്റുമാരില്ലാതെ നേരിട്ട് സമീപിച്ചപ്പോഴാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോ​ഗസ്ഥർ ഫിറ്റ്നസ് നിഷേധിച്ചതെന്നും ഷൗക്കത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു.

2021-ലാണ് ഷൗക്കത്ത് ഈ ഓട്ടോറിക്ഷ വാങ്ങിയത്. അന്നുതന്നെ കിഴിശ്ശേരിയിൽവെച്ചാണ് സ്റ്റീൽ റെയിലിങ് ഉൾപ്പെടെയുള്ള ഫിറ്റിങ്സുകൾ ഓട്ടോയിൽ ചെയ്തത്. തുടർന്ന് 2023-ലും തൊട്ടടുത്തവർഷവും ഇതേ ഫിറ്റിങ്സുകൾ സഹിതമാണ് ഫിറ്റ്നസിന് സമീപിച്ചത്. അന്നെല്ലാം ഏജന്റുമാർ വഴിയാണ് ഫിറ്റ്നസിന് അപേക്ഷിച്ചത്. ഒരു പ്രശ്നവുമില്ലാതെ മോട്ടോർ വാഹനവകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. ഇത്തവണ ഷൗക്കത്ത് നേരിട്ടാണ് ഫിറ്റ്നസിന് അപേക്ഷിച്ചത്. എന്നാൽ, നേരത്തേ ഉണ്ടായിരുന്ന സ്റ്റീൽ റെയിലിങ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി അധികൃതർ ഫിറ്റ്നസ് നിഷേധിക്കുകയായിരുന്നു. ഏജന്റുമാർ വഴി സമീപിക്കാത്തതിന്റെ വൈരാ​ഗ്യമാകാം ഫിറ്റ്നസ് നിഷേധിക്കാൻ കാരണമായതെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe