കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയ്ക്കായി (17) അന്വേഷണം ഊർജിതമാക്കി പോലീസ്. പത്ത് ദിവസമായിട്ടും കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു.
മൊബൈൽ ഫോൺ ഉപയോഗവും ഗെയിമുകളും പിതാവ് വിലക്കിയതിനെത്തുടർന്നാണ് ശിവസൂര്യ നാടുവിട്ടത്. ‘കാശിയിലേക്ക് പോകുന്നു’ എന്ന് കുറിപ്പ് എഴുതിവെച്ചാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. മൊബൈൽ ഗെയിം കളിച്ച് ചെറിയ തുകകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു
തലശ്ശേരി എ.എസ്.പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. വാരണാസിയിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പാലക്കാട് ഒറ്റപ്പാലത്ത് ശിവസൂര്യയെ കണ്ടെന്ന വിവരം തെറ്റാണെന്ന് സി.സി.ടി.വി (CCTV) പരിശോധനയിൽ പോലീസ് സ്ഥിരീകരിച്ചു. കുട്ടിയെ കണ്ടെത്താനായി നാട്ടുകാർ സോഷ്യൽ മീഡിയയിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ അമ്മ മരിച്ച ശിവസൂര്യ പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്.
