തിരുവനന്തപുരം: മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലെ സർക്കാർ വിദ്യാലയങ്ങളെ തകർക്കാൻ വി ഡി സതീശൻ സർക്കാർ നടത്തുന്നത് തന്ത്രപരമായ നീക്കമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം നേതാവുമായ വി ശിവൻകുട്ടി. വിദ്യാർത്ഥികൾക്ക് പഠിക്കാൻ സീറ്റില്ലെന്ന വ്യാജേന, മാനേജ്മെന്റുകളുടെ സമ്മർദ്ദത്തിനും സ്വാർത്ഥ താൽപര്യങ്ങൾക്കും വഴങ്ങി എയ്ഡഡ് സ്കൂളുകൾക്ക് അശാസ്ത്രീയമായി അധിക ബാച്ചുകൾ വാരിക്കോരി നൽകുകയാണെന്ന് വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്ന് വൻതോതിൽ വിദ്യാർത്ഥികൾ ചോർന്നുപോകുന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. മലബാർ മേഖലയിൽ, പ്രത്യേകിച്ച് മലപ്പുറത്ത് 120-ഓളം അധിക ബാച്ചുകൾ അനുവദിച്ചപ്പോൾ അതിൽ വെറും 12 എണ്ണം മാത്രമാണ് സർക്കാർ സ്കൂളുകൾക്ക് നൽകിയത്. ബാക്കി ഭൂരിഭാഗവും എയ്ഡഡ് മാനേജ്മെന്റുകൾക്ക് നൽകി വ്യാപാരവൽക്കരണത്തിന് അവസരമൊരുക്കുകയാണ് സർക്കാർ ചെയ്തെന്ന് വി ശിവൻകുട്ടി വിമർശിച്ചു.
സ്കൂൾ പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സർക്കാർ സ്കൂളുകളിലെ ബാച്ചുകൾ നിറയ്ക്കാൻ നടപടിയെടുക്കാതെ, എയ്ഡഡ് സ്കൂളുകളിലേക്ക് സ്പോട്ട് ട്രാൻസ്ഫറും മറ്റ് പ്രവേശനങ്ങളും അനുവദിച്ചതാണ് വിനയായത്. ഇത് സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെയും തസ്തികകളെയും അധ്യാപകരുടെ ഭാവി തന്നെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. താൽക്കാലിക ലാഭത്തിനും രാഷ്ട്രീയ താത്പര്യങ്ങൾക്കും വേണ്ടി പൊതുവിദ്യാഭ്യാസ മേഖലയുടെ അടിത്തറ തോണ്ടുന്ന തീരുമാനമാണിതെന്നും ശിവൻകുട്ടി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കേണ്ട സർക്കാർ, പൊതുവിദ്യാലയങ്ങളെ പട്ടിണിക്കിട്ട് എയ്ഡഡ് മേഖലയ്ക്ക് വഴിവിട്ട് സഹായം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. സർക്കാർ സ്കൂളുകളുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന ഈ തീരുമാനത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
