കൊയിലാണ്ടി: കൊയിലാണ്ടി കോടതിക്ക് മുൻപിൽ കാർ ഡിവൈഡറിലിടിച്ച് തൃശ്ശൂർ സ്വദേശിയായ സ്ത്രീക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, മുന്നിലുണ്ടായിരുന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കൊയിലാണ്ടി കോടതിക്ക് മുൻപിലെ ഈ ഡിവൈഡർ വലിയ രീതിയിൽ അപകടക്കെണിയായി മാറുന്നതായാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇവിടെ ഡിവൈഡറിലിടിച്ച് അപകടത്തിൽപ്പെടുന്ന മൂന്നാമത്തെ വാഹനമാണിത്. കൃത്യമായ കാഴ്ച ലഭിക്കാത്ത ‘ബ്ലൈൻഡ് സ്പോട്ടിലാണ്’ ഈ ഡിവൈഡർ സ്ഥാപിച്ചിട്ടുള്ളതെന്നാണ് പ്രധാന ആക്ഷേപം.
