എൻ.സി. കനാലിലെ വെള്ളത്തിന് കറുത്തനിറം: സി.ഡി.ഡബ്ല്യു.ആർ.ഡി.എം. സംഘം പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു

news image
Jun 21, 2026, 4:00 am GMT+0000 payyolionline.in

വടകര: നടയ്ക്കുതാഴ-ചോറോട് കനാലിലെയും സമീപത്തെ വയലുകളിലെയും വെള്ളം മലിനീകരിക്കപ്പെട്ട് കറുത്തനിറമായതിനെ തുടർന്ന് പരക്കെ ആശങ്ക ഉയർന്ന സാഹചര്യത്തിൽ, സി.ഡി.ഡബ്ല്യു.ആർ.ഡി.എം. (CWRDM) സംഘം സ്ഥലം സന്ദർശിച്ച് പരിശോധനയ്ക്കായി വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. വടകര നഗരസഭ, ഏറാമല പഞ്ചായത്ത് പരിധിയിലെ കനാലിൽനിന്നും വയലിൽനിന്നുമാണ് വെള്ളം ശേഖരിച്ചത്. വെള്ളത്തിന്റെ നിറംമാറ്റം പ്രദേശവാസികളിൽ വലിയ രീതിയിൽ ആശങ്ക ഉയർത്തിയ സാഹചര്യത്തിലാണ് ഈ അടിയന്തര നടപടി.

​കെ.കെ. രമ എം.എൽ.എ, ഏറാമല പഞ്ചായത്ത്, വടകര നഗരസഭ എന്നിവർ ഈ വിഷയത്തിൽ ചെറുകിട ജലസേചന വകുപ്പിനോട് അടിയന്തരമായി ഇടപെടാൻ ആവശ്യപ്പെട്ടിരുന്നു. ജലസേചന വകുപ്പിന്റെ ആവശ്യപ്രകാരമാണ് സി.ഡി.ഡബ്ല്യു.ആർ.ഡി.എം. സംഘം പരിശോധനയ്ക്ക് എത്തിയത്. സി.ഡി.ഡബ്ല്യു.ആർ.ഡി.എം. പരിസ്ഥിതി വിഭാഗം മേധാവിയും സീനിയർ സയന്റിസ്റ്റുമായ ബി. വിവേക്, സീനിയർ സയന്റിസ്റ്റ് ജയറ്റ്, കെമിസ്റ്റ് സുധീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഹബി, അസി. എൻജിനിയർ എം. ശ്രീജിത്ത് എന്നിവരും ഇവർക്കൊപ്പം സ്ഥലം സന്ദർശിച്ചു.

​ഈ വർഷം മഴ തുടങ്ങുന്നതിന് മുമ്പും കഴിഞ്ഞ വർഷങ്ങളിലും ഇതേ പ്രദേശങ്ങളിൽ സമാനമായ രീതിയിൽ വെള്ളത്തിന് നിറംമാറ്റം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ കനാലിലേക്കും പരിസരങ്ങളിലേക്കും കക്കൂസ് മാലിന്യമടക്കം തള്ളുന്നതായി നാട്ടുകാർക്ക് ശക്തമായ സംശയമുണ്ട്. അറക്കിലാട്-കുരിക്കിലാട് റോഡ് പരിസരം, ശ്മശാനം പരിസരം എന്നിവിടങ്ങളിലെല്ലാം ഈ പ്രശ്നം രൂക്ഷമാണ്. കൂടാതെ വെങ്ങോളിത്താഴ ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്നടിയുന്നതും, കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ മൂലമാണോ ഈ നിറംമാറ്റമെന്നതും സംശയത്തിന് ഇടയാക്കുന്നുണ്ട്. കനാൽ, വയൽ എന്നിവയ്ക്ക് പുറമെ സമീപത്തെ വീട്ടുകിണറുകളിൽ നിന്നും സംഘം സാമ്പിളുകൾ എടുത്തിട്ടുണ്ട്.

​ഏറാമല പഞ്ചായത്ത് പരിധിയിലെ പോടംകുനി താഴയിൽനിന്നും വെള്ളം ശേഖരിച്ചിട്ടുണ്ട്. ഇവിടെയും വെള്ളത്തിന് കടുത്ത നിറമാറ്റവും ദുർഗന്ധവുമുണ്ട്. പരിശോധനാ സമയത്ത് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. കുഞ്ഞബ്ദുള്ള, അംഗങ്ങളായ ഷക്കീല ഈങ്ങോളി, വിജീഷ്, രമ്യത ശ്രീജിത്ത് എന്നിവരും, വടകര നഗരസഭാ കൗൺസിലർമാരായ എം. സുരേഷ് ബാബു, പതേരി ശശീന്ദ്രൻ, ശരണ്യ വാഴയിൽ, ജാഗ്രത പൊതുമുതൽ സംരക്ഷണ സമിതി കൺവീനർ എം.വി. പ്രദീപ് കുമാർ എന്നിവരും ജനങ്ങളുടെ ആശങ്കകൾ പങ്കുവെക്കാൻ സ്ഥലത്ത് എത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe