വടകര: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദമുണ്ടാക്കിയ ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് ഗൂഢാലോചനയിൽ പങ്കാളികളായ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ എത്തിക്കണമെന്ന് യു.ഡി.എഫ് വടകര നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിലായ സാഹചര്യത്തിൽ സി.പി.എമ്മിന്റെ പങ്ക് മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംഭവത്തിൽ സി.പി.എമ്മിലെ ഉന്നത നേതാക്കൾക്കുള്ള പങ്കിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. നാല് വോട്ടിന് വേണ്ടി എന്ത് നെറികേടും ചെയ്യുന്ന പാർട്ടിയായി സി.പി.എം മാറിയെന്ന് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി.
വടകരയിൽ ചേർന്ന യോഗത്തിൽ യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.പി. അബ്ദുള്ള ഹാജി, പി.പി. ജാഫർ, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, പുറന്തോടത്ത് സുകുമാരൻ, സി.കെ. വിശ്വനാഥൻ, വി.കെ. പ്രേമൻ, പി.എസ്. രഞ്ജിത്ത് കുമാർ, അഫ്നാസ് ചോറോട്, പി. ബാബുരാജ്, പി.എം. മുസ്തഫ, അരവിന്ദൻ മാടക്കര, ടി.സി. രാമചന്ദ്രൻ, പാറക്കൽ ചന്ദ്രൻ, കെ.എം. അഷ്കർ തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ സംസാരിച്ചു.
