കൽപ്പറ്റ: ഷിഗെല്ല ഭീതി ഒഴിയാതെ വയനാട്. ജില്ലയിൽ മാത്രം ഇതുവരെ ചികിത്സയിലുളളത് 58 പേർ. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കിണറുകളിൽ സ്പെഷ്യൽ ക്ലോറിനേഷൻ ഡ്രൈവ് ഇന്ന് മുതൽ ആരംഭിക്കും.
അതേസമയം ഇന്നലെ വയനാട് ബത്തേരി കോളിയാടി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ഷിഗെല്ല സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി.സ്കൂളിലെ കിണറ്റിലെ വെളളത്തിന്റെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നും ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 68-ൽ നിന്ന് 38 ആയി കുറഞ്ഞെന്നും മുരളീധരൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിസരം വൃത്തിയാക്കുന്ന കാര്യങ്ങൾ വേഗത്തിലാക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഹോട്ടലുകളിലും തട്ടുകടകളിലും കർശന പരിശോധന നടത്തുമെന്നും തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോളിയാടി മാർ ബസേലിയോട് എ യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. വ്യാഴാഴ്ച്ച മുതൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്ന വിദ്യാർത്ഥികളുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. പനി, വയറിളക്കം, ഛർദ്ദി എന്നീ ലക്ഷണങ്ങളോടെയാണ് വിദ്യാർത്ഥികൾ ആശുപത്രികളിൽ ചികിത്സ തേടിയത്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ കോളിയാടി മാർ ബസേലിയോസ് സ്കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക.
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ മാത്രം പനി ബാധിച്ചത് ചികിത്സ തേടിയത് പതിനായിരത്തിൽ അധികം പേരാണ്. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത്.
