‘6 കോടി രൂപയുടെ നോട്ടുകൾ കത്തിച്ചുകളഞ്ഞു’; ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതി കേസിൽ പ്രതിയുടെ മൊഴി

news image
Jun 5, 2026, 11:06 am GMT+0000 payyolionline.in

തിരുവനന്തപുരം: തട്ടിപ്പുവഴി ലഭിച്ച കോടികൾ കത്തിച്ചുകളഞ്ഞെന്ന് ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതിക്കേസിലെ ഒന്നാം പ്രതിയുടെ മൊഴി. ആറ് കോടി രൂപ കത്തിച്ചുകളഞ്ഞുവെന്നാണ് ബോർഡിലെ ക്ലർക്ക് ആയിരുന്ന സംഗീത് വിജിലൻസിന് മൊഴി നൽകിയത്. 2012 മുതൽ 2016 വരെയുള്ള തട്ടിപ്പുപണമാണ് കത്തിച്ചതെന്ന് സംഗീത് പറയുന്നു.
തിരുവനന്തപുരത്ത് പോങ്ങുമൂട്ടിലെ വീടിന്റെ രണ്ടാം നിലയിൽ വെച്ചാണ് പണം കത്തിച്ചത്. ഇതേ വീട്ടിൽ ബാഗുകളിലായി 500ന്റേയും 1000ന്റേയും നോട്ടുകളായി 6 കോടി രൂപ സൂക്ഷിച്ചിരുന്നുവെന്നും നോട്ടുനിരോധനം വന്നതോടെ ഇത് കത്തിച്ചുകളഞ്ഞുവെന്നുമാണ് പ്രതി പറയുന്നത്.
ക്ഷേമനിധി അക്കൗണ്ടിൽ നിന്നും പിൻവലിച്ച പണമാണിത്. 16 കോടി രൂപയായിരുന്നു സംഗീത് തട്ടിയത്. ലോട്ടറി തൊഴിലാളികൾ അടക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനിൽ കുമാറിന്റേയും അക്കൗണ്ടിലേക്കും മാറ്റിയായിരുന്നു തട്ടിപ്പ്. ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പ് ഇട്ടാണ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റേണ്ട പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ്‌രജിസ്ട്രാർ ഓഫീസിൽ മാത്രം 45 രജിസ്‌ട്രേഷൻ നടത്തിയിരുന്നു. അനിൽകുമാർ നിർമ്മാണ കമ്പനി ആരംഭിച്ച് പ്രവർത്തിക്കുകയും ബാക്കി തുക ബാങ്കിൽ സ്ഥരനിക്ഷേപമായി ഇടുകയും ചെയ്തുവെന്നാണ് വിജിലൻസ് കേസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe