കോഴിക്കോട്: മാനസികമായി പീഡിപ്പിക്കുന്നുവെന്ന പി.ജി. വിദ്യാർഥികളുടെ പരാതിയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് അധ്യാപകരെ സ്ഥലംമാറ്റി. ഡോ. അനിതാ കുമാരി, ഡോ. സി.ഐ. സ്മിത എന്നിവർക്കെതിരെയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലംമാറ്റം.
പൊതുവേദിയിലും രോഗികളുടെ മുന്നിലും വെച്ച് ഈ അധ്യാപകർ തങ്ങളെ നിരന്തരം അപമാനിക്കാറുണ്ടെന്നായിരുന്നു വിദ്യാർഥികളുടെ പരാതി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും പി.ജി. ഗ്രീവൻസ് സെല്ലിനുമാണ് വിദ്യാർഥികൾ പരാതി സമർപ്പിച്ചിരുന്നത്. മാസങ്ങളായി തുടരുന്ന പരസ്യ അധിക്ഷേപവും മാനസിക പീഡനവും കാരണം ചില വിദ്യാർഥികൾ കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടതായും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. മെഡിക്കൽ പി.ജി. വിഭാഗത്തിലെ 12 വിദ്യാർഥികളാണ് അധ്യാപികമാർക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഒപ്പിട്ട പരാതി നൽകിയത്.
