വിവാഹ വാഗ്ദാനം നൽകി പീഡനം: ഒളിവിൽ പോയ നേപ്പാൾ സ്വദേശി ബംഗളൂരുവിൽ പിടിയിൽ

news image
Jun 4, 2026, 2:20 pm GMT+0000 payyolionline.in

കൊയിലാണ്ടി: യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം മുങ്ങിയ നേപ്പാൾ സ്വദേശി കൊയിലാണ്ടി പോലീസിന്റെ പിടിയിലായി. നേപ്പാൾ സ്വദേശിയായ ഗജേന്ദ്ര റാണ ചേത്രി എന്ന സാഗർ ചേത്രിയാണ് ബംഗളൂരുവിൽ വെച്ച് അറസ്റ്റിലായത്.

രണ്ട് വർഷം മുൻപ് കൊയിലാണ്ടിയിലെ ഒരു സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്തിരുന്ന യുവതിയെയാണ് പ്രതി വലയിലാക്കിയത്. താൻ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചായിരുന്നു സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ചു. എന്നാൽ യുവതി വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെ പ്രതി ഫോണും സിം കാർഡും ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു.

യുവതിയുടെ പരാതിയിൽ കേസെടുത്ത കൊയിലാണ്ടി പോലീസ് പ്രതിയെ കണ്ടെത്താനായി ഉത്തരേന്ത്യയിലും ബംഗളൂരുവിലും പലതവണ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൊബൈൽ ഫോൺ പൂർണ്ണമായും ഒഴിവാക്കിയ പ്രതിയെ ഒടുവിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് കുടുക്കിയത്. പ്രതി തന്റെ പഴയ ഇമെയിൽ ഐ.ഡി. (Email ID) ഉപയോഗിക്കാൻ ശ്രമിച്ചതാണ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായത്. തുടർന്ന് നടത്തിയ നീക്കങ്ങൾക്കൊടുവിൽ, പതിനായിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ബംഗളൂരുവിലെ നീഗള്ളി എന്ന സ്ഥലത്തുനിന്നും പ്രതിയെ പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.

എസ്.പി., ഡിവൈ.എസ്.പി. എന്നിവരുടെ മേൽനോട്ടത്തിൽ കൊയിലാണ്ടി ഇൻസ്പെക്ടർ വിജേഷ് പി., സബ് ഇൻസ്പെക്ടർ കെ.പി. ഗിരീഷ്, സൈബർ സെൽ എസ്.ഐ. ശ്രീജിത്ത്, എ.എസ്.ഐ. വിജു വാണിയംകുളം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിബിൻ കുമാർ, അഖിൽ, ഡി.വി.ആർ. ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. എ.എസ്.ഐ. വിജു വാണിയംകുളവും എസ്.സി.പി.ഒ. ഷിബിൻ കുമാറും ചേർന്നാണ് ബംഗളൂരുവിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe