പയ്യോളി: മാസങ്ങളായി തകർന്നുകിടക്കുന്ന പയ്യോളി ജംഗ്ഷനിലെ റോഡിൽ ടാറിങ് നടത്താത്തത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. പയ്യോളി ജംഗ്ഷനിൽ ബീച്ച് റോഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡാണ് തകർന്ന നിലയിലുള്ളത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് താൽക്കാലികമായി നിർമ്മിച്ച ഈ റോഡിൽ സാധാരണ രീതിയിലുള്ള ടാറിങ് പോലും ഇതുവരെ നടത്തിയിട്ടില്ല. മഴ ശക്തമായതോടെ റോഡിൽ വലിയ കുഴികൾ രൂപപ്പെടുകയും കല്ലുകൾ ഉയർന്നു നിൽക്കുകയും ചെയ്യുന്നത് കാരണം കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. റെയിൽവേ ഗേറ്റ് തുറന്ന് ബീച്ച് റോഡിൽ നിന്നും വാഹനങ്ങൾ ഒന്നിച്ച് വരുമ്പോൾ, ഈ കുഴികൾ വെട്ടിച്ച് മാറ്റാൻ ശ്രമിക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
കഷ്ടിച്ച് 100 മീറ്റർ മാത്രം നീളമുള്ള ഈ ഭാഗം ശരിയായ രീതിയിൽ ടാർ ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യാപാരികളും നാട്ടുകാരും പലതവണ നിർമ്മാണ കരാർ കമ്പനിയെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കാലവർഷം കനത്തതോടെ റോഡ് നിർമ്മാണം ഇനിയും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഈ ഭാഗത്ത് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യമൊരുക്കണമെന്നും തകർന്ന റോഡ് അടിയന്തരമായി പുനർനിർമ്മിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
