കോഴിക്കോട്: നിരവധി ക്ഷേത്രങ്ങളിൽ കവർച്ച നടത്തി പണവുമായി മുങ്ങിയ മോഷ്ടാവിനെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൂവാട്ടുപറമ്പ് മുണ്ടക്കൽ സ്വദേശിയായ ആലോറമീത്തൽ നടുക്കണ്ടി പുറായിൽ റിയാസി(41) നെയാണ് മാവൂർ പൊലീസ് പിടികൂടിയത്. മാവൂർ ചെറൂപ്പയിലെ ഇടിക്കോട്ട് അയ്യപ്പൻകാവിൽ കവർച്ച നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമാന രീതിയിൽ ഇയാൾ നിരവധി ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് വിശദമാക്കി.
രാത്രിയാകുമ്പോൾ ബൈക്കുമെടുത്ത് വിവിധ പ്രദേശങ്ങളിൽ കറങ്ങുന്നതാണ് ഇയാളുടെ രീതി. സമയവും സാഹചര്യവും ഒത്തുവരുമ്പോൾ റോഡരികിൽ കാണുന്ന ക്ഷേത്രങ്ങളിൽ കയറി ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് പണം മോഷ്ടിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ മാവൂർ, കുന്ദമംഗലം, പന്തീരാങ്കാവ്, എലത്തൂർ, ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധികളിലെ ക്ഷേത്രങ്ങളിൽ റിയാസ് കവർച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസിന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 26ാം തിയ്യതി രാത്രിയിലാണ് ഇടിക്കോട്ട് അയ്യപ്പൻകാവിന്റെ മുറ്റത്തെ രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്തത്. എന്നാൽ പണം എടുക്കാൻ സാധിച്ചില്ല. തുടർന്ന് തുടർന്ന് റോഡരികിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് 5000ത്തോളം രൂപയുമായി കടന്നുകളഞ്ഞു. ക്ഷേത്ര കമ്മിറ്റിയുടെ പരാതിയിൽ കേസെടുത്ത പൊലീസ്, പരിസര പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു ബൈക്കും അതിൽ സൂക്ഷിച്ച നിലയിൽ പണവും കണ്ടെത്തുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നൂറോളം സിസിടിവി ദൃശ്യങ്ങളും ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പൂവാട്ടുപറമ്പ് മുണ്ടക്കലിൽ വെച്ച് റിയാസിനെ പിടികൂടിയത്.
റെയിൻ കോട്ടും ഹെൽമറ്റും ധരിച്ചാണ് മോഷണത്തിന് എത്തിയിരുന്നത്. മോഷണം നടത്തേണ്ട ക്ഷേത്രങ്ങളിൽ നിന്നും അൽപം മാറി ബൈക്ക് പാർക്ക് ചെയ്യു. മോഷണം നടത്തിയ ശേഷം ഈ ബൈക്കുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതി. മാവൂർ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ്, സബ്ബ് ഇൻസ്പെക്ടർമാരായ വി.എം രമേശ്, ശിവാനന്ദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ്, രജീഷ്, കൃഷ്ണൻകുട്ടി, സിവിൽ പോലീസ് ഓഫീസർമാരായ ദീപക്ക്, വിനീത്, ശ്രീജിത്ത്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് റിയാസിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
