തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമം. കേരളം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി നടന്ന പോരാട്ടത്തിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കും. 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. ഹാട്രിക് വിജയപ്രതീക്ഷയിൽ എൽഡിഎഫ് ആത്മവിശ്വാസത്തിലാണ്.
രാവിലെ 7 മണിക്ക് സ്ഥാനാർത്ഥികളുടെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ സ്ട്രോങ്ങ് റൂമുകൾ തുറക്കും. ഈ നടപടികൾ പൂർണ്ണമായും വീഡിയോയിൽ പകർത്തും. എട്ടു മണിക്ക് ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. എട്ടരയോടെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഒമ്പത് മണിയോടെ തന്നെ സംസ്ഥാനത്തെ ആദ്യ സൂചനകൾ ലഭ്യമാകും. വൈകിട്ട് അഞ്ചു മണിയോടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു.
സംസ്ഥാനത്ത് ഇത്തവണ 79.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മെയ് ഒന്നുവരെ 20,028 പോസ്റ്റൽ ബാലറ്റുകൾ തിരിച്ചെത്തിയിട്ടുണ്ട്. വോട്ടെണ്ണൽ ഡ്യൂട്ടിക്കായി 15,465 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 140 റിട്ടേണിങ് ഓഫീസർമാരും 4,208 സൂക്ഷ്മ നിരീക്ഷകരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സുരക്ഷയ്ക്കായി സിആർപിഎഫ്, കേരള പോലീസ് ബറ്റാലിയനുകൾ ഉൾപ്പെടെ 32,301 ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
ഹാട്രിക് കുതിപ്പിൽ എൽഡിഎഫ്; തകർച്ച ഭയന്ന് യുഡിഎഫ്
പ്രളയവും മഹാമാരിയും അതിജീവിച്ച് നാടിനെ വികസനക്കുതിപ്പിലേക്ക് നയിച്ച സർക്കാരിന് ജനങ്ങൾ മൂന്നാം ഊഴം നൽകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ്. 2016-ൽ 91 സീറ്റും 2021ൽ 99 സീറ്റും നൽകി എൽഡിഎഫിനെ തുണച്ച കേരളം ഇത്തവണയും വികസനത്തിനൊപ്പം നിൽക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അഴിമതിരഹിത ഭരണം, ക്രമസമാധാനം, ന്യൂനപക്ഷ-സ്ത്രീ സുരക്ഷ, കെഎസ്ആർടിസിയുടെ ലാഭകരമായ പ്രവർത്തനം, മുണ്ടക്കൈ പുനരധിവാസം തുടങ്ങിയവ എൽഡിഎഫിന് മുൻതൂക്കം നൽകുന്നു. അതേസമയം, കോൺഗ്രസിലെ സ്ഥാനാർഥി തർക്കവും വിഴുപ്പലക്കലും വയനാട് ഫണ്ട് മുക്കിയതുമടക്കമുള്ള വിഷയങ്ങളിൽ മറുപടിയില്ലാതെ കോൺഗ്രസ് പ്രചാരണരംഗത്ത് പിന്നിലായി. നുണപ്രചാരണവും ബിജെപിയുമായുള്ള ഡീലും കുതന്ത്രങ്ങളും ഫലിച്ചാൽമാത്രം അധികാരത്തിൽ വരാമെന്ന പ്രതീക്ഷയാണ് യുഡിഎഫ് ക്യാമ്പിനുള്ളത്.
കേരളത്തിനൊപ്പം വിധി കാത്ത് നാല് സംസ്ഥാനങ്ങളും
പശ്ചിമബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും തിങ്കളാഴ്ച പുറത്തുവരും. തൃണമൂൽ കോൺഗ്രസും ബിജെപിയും ഇടതുപക്ഷവും തമ്മിൽ ശക്തമായ ത്രികോണ മത്സരം നടന്ന പശ്ചിമബംഗാളിൽ ആകെയുള്ള 294ൽ 293 സീറ്റുകളിലെ വോട്ടെണ്ണലാണ് തിങ്കളാഴ്ച നടക്കുക. ഏപ്രിൽ 23, 29 തീയതികളിലായി രണ്ടുഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 92. 47 ശതമാനം പേർ വോട്ടുചെയ്തു. വ്യാപക അക്രമവും കൃത്രിമവും നടന്നതിനാൽ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫൽതായി മണ്ഡലത്തിൽ 21ന് റീപോളിങ് നടക്കും.
തമിഴ്നാട്ടിൽ 234 മണ്ഡലത്തിൽ നടന്ന വോട്ടെടുപ്പിൽ 85.1 ശതമാനമാണ് പോളിങ്. ഡിഎംകെ നേതൃത്വത്തിലുള്ള സിപിഐ എം അടക്കമുള്ള പാർടികളുടെ കൂട്ടായ്മയായ മതനിരപേക്ഷ പുരോഗമനസഖ്യത്തിന് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. നടൻ വിജയ്യുടെ ടിവികെ എത്ര സീറ്റ് നേടുമെന്നതും പ്രസക്തമാണ്.
85 ശതമാനം പോളിങ് രേഖപ്പെടുത്തിയ അസമിൽ ഹിമന്ത ബിസ്വ സർമയുടെ നേതൃത്വത്തിൽ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ്പോൾ പ്രവചനങ്ങൾ. 126 മണ്ഡലമാണുള്ളത്. 30 സീറ്റുള്ള കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ എൻഡിഎയുടെ ഭാഗമായ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. കൂടാതെ ഗോവ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും തിങ്കളാഴ്ച പുറത്തുവരും.
