ഷിയാസ് കരീമിനെതിരെ 65 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് പരാതി ; നഗ്നദൃശ്യങ്ങൾ പോൺ സൈറ്റിലിടുമെന്ന് ഭീഷണി

news image
Apr 27, 2026, 9:52 am GMT+0000 payyolionline.in

കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രവാസി യുവതി രംഗത്ത്. ലൈംഗികമായും സാമ്പത്തികമായും തന്നെ ചൂഷണം ചെയ്തെന്നും 65 ലക്ഷം രൂപ തട്ടിയെടുത്തെന്നും കാണിച്ച് യുവതി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

തന്റെ നഗ്നദൃശ്യങ്ങൾ കൈവശമുണ്ടെന്നും ഇത് പോൺ സൈറ്റുകൾക്ക് നൽകുമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ഷിയാസ് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയതെന്ന് പരാതിയിൽ പറയുന്നു. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് തന്നെ മാനസികമായി വലിയ രീതിയിൽ പീഡിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. പരാതിക്കൊപ്പം ഷിയാസുമായി നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റുകൾ, വോയ്‌സ് റെക്കോർഡുകൾ, പണം നൽകിയതിന്റെ ബാങ്ക് അക്കൗണ്ട് രേഖകൾ എന്നിവയും യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.

നേരത്തെയും സമാനമായ കേസിൽ ഷിയാസ് കരീം പ്രതിയായിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന കാസർകോട് സ്വദേശിനിയുടെ പരാതിയിൽ മൂന്ന് വർഷം മുമ്പ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ഷിയാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു യുവതി കൂടി സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പാലാരിവട്ടം പോലീസ് കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe