കോഴിക്കോട്: 14 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയെ പിടികൂടാൻ താമരശ്ശേരി പോലീസ് തയ്യാറാകുന്നില്ലെന്ന് പരാതി. പരാതി നൽകി രണ്ട് വർഷം പിന്നിട്ടിട്ടും പ്രതിയായ താമരശ്ശേരി സ്വദേശി ജയ്ഷാദിനെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് വിവരം.
ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ നിർബന്ധിച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് അതിജീവിതയുടെ വെളിപ്പെടുത്തൽ. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പിന്നീട് നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചതിക്കില്ലെന്നും വിവാഹം കഴിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു പീഡനമെന്നും പെൺകുട്ടി പറഞ്ഞു.
2024 മാർച്ചിൽ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പ്രതിയുടെ കൈവശം നഗ്നദൃശ്യങ്ങളുണ്ടെന്നും അത് പുറത്തുവിടുമോ എന്ന് ഭയമുണ്ടെന്നും പോലീസിനെ അറിയിച്ചിട്ടും ഇയാളുടെ ഫോൺ പിടിച്ചെടുക്കാൻ അന്വേഷണ സംഘം തയ്യാറായില്ലെന്ന് അതിജീവിത ആരോപിച്ചു. പോലീസ് സ്റ്റേഷൻ പലതവണ കയറിയിറങ്ങിയിട്ടും നീതി ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
അതേസമയം, കേസിൽ അന്വേഷണം ഊർജ്ജിതമാണെന്നും പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നുമാണ് താമരശ്ശേരി സി.ഐ നൽകുന്ന വിശദീകരണം. എന്നാൽ പ്രതി വിദേശത്തേക്ക് കടക്കുന്നതിന് മുൻപ് നടപടി സ്വീകരിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ശക്തമാണ്.
