തൃശ്ശൂർ: ഉറങ്ങിക്കിടന്ന കുട്ടികൾക്ക് തലയണയ്ക്കടിയിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. കോടാലി കാവുങ്ങൽ സിൽജോ-ജോൺസി ദമ്പതികളുടെ മകൻ ആൾ ജോ (8) ആണ് മരിച്ചത്. സഹോദരൻ അനോജ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതിമാരകമായ വിഷമുള്ള വെള്ളിക്കെട്ടൻ (ശങ്കുവരയൻ) പാമ്പാണ് കുട്ടികളെ കടിച്ചത്.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം രാത്രി അവകാഡോ ജ്യൂസ് കുടിച്ചതിനാൽ ഭക്ഷ്യവിഷബാധയാണെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിലാണ് പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ ദേഹത്ത് കടിയേറ്റ പാടുകൾ ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു.
ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ച് ബന്ധുക്കളും നാട്ടുകാരും വീട്ടിൽ നടത്തിയ പരിശോധനയിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്കടിയിൽ പാമ്പിനെ കണ്ടെത്തിയത്. ആൾ ജോയുടെ മരണം സ്ഥിരീകരിച്ചതോടെ സഹോദരൻ അനോജിനെ വിദഗ്ധ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. അനോജിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
