കൊയിലാണ്ടി: തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാർ സഞ്ചരിച്ച ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് 28 പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച പുലർച്ചെ 12.30-ഓടെയായിരുന്നു അപകടം. വടകര മടപ്പള്ളി കോളേജിലെ വോട്ടെടുപ്പ് ഡ്യൂട്ടി പൂർത്തിയാക്കി മലപ്പുറം എം.എസ്.പി ക്യാമ്പിലേക്ക് മടങ്ങുകയായിരുന്നു പോലീസുകാർ.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സും എതിർദിശയിൽ വന്ന കണ്ടെയ്നർ ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. വാഹനങ്ങളുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവർമാരെ കൊയിലാണ്ടി അഗ്നിരക്ഷാ സേന എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റ 28 പേരെയും ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
