കോടഞ്ചേരി: കോടഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ എൻജിൻ ഭാഗത്ത് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കൂരോട്ടുപാറയിൽ വെച്ചായിരുന്നു സംഭവം. കൂരോട്ടുപാറയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസിന്റെ മുൻഭാഗത്ത് അടിയിലായി എൻജിന് സമീപം തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ ബഹളമുണ്ടാക്കി വിവരം അറിയിച്ചതോടെയാണ് വൻ ദുരന്തം ഒഴിവായത്.
ഉടൻതന്നെ ഡ്രൈവർ ബസ് റോഡരികിൽ നിർത്തി. ബസിലുണ്ടായിരുന്ന 25-ഓളം യാത്രക്കാരും ജീവനക്കാരും വേഗത്തിൽ പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേറ്റില്ല. തുടർന്ന് നാട്ടുകാർ ചേർന്ന് സമീപത്തെ വീടുകളിൽനിന്ന് വെള്ളം എത്തിച്ച് തീ പൂർണ്ണമായും അണച്ചു. കൃത്യസമയത്ത് തീ കണ്ടെത്താനായതും നാട്ടുകാരുടെ അവസരോചിതമായ ഇടപെടലുമാണ് അപകടത്തിന്റെ ആക്കം കുറച്ചത്.
വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ മുക്കത്തുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. എൻജിൻ ഭാഗത്തെ സാങ്കേതിക തകരാറാണോ തീപിടുത്തത്തിന് കാരണമെന്ന് പരിശോധിച്ചു വരികയാണ്. യാത്രക്കാരെ പിന്നീട് മറ്റ് വാഹനങ്ങളിൽ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചു.
