കൊയിലാണ്ടി: കൊല്ലം അരയൻകാവ് ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറ്റത്തോടെ തുടക്കമായി. കൊടിയേറ്റത്തിന് ശേഷം നടന്ന വിപുലമായ അന്നദാനത്തിലും ദേവീഗീതങ്ങൾ, നൃത്തം, ഗാനമേള തുടങ്ങിയ കലാപരിപാടികളും കരിമരുന്ന് പ്രയോഗവും നടന്നു. . ശനിയാഴ്ച രാത്രി ആധ്യാത്മിക പ്രഭാഷണവും ഞായറാഴ്ച വൈകിട്ട് ഓട്ടൻതുള്ളലും രാത്രി ഏഴ് മണിക്ക് തായമ്പകയും നടക്കും. തിങ്കളാഴ്ച രാത്രി ഏഴ് മണിക്ക് അരയൻകാവ് ടീം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും നടക്കും. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വാൾ എഴുന്നള്ളത്തും ഏഴ് മണിക്ക് ഇരട്ട തായമ്പകയും രാത്രി ഒൻപത് മണിക്ക് സ്കോളർഷിപ്പ് വിതരണവും നടക്കും. ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് ഇളനീർ കുലവരവും ആറ് മണിക്ക് താലപ്പൊലി എഴുന്നള്ളത്തും നടക്കും. തുടർന്ന് രാത്രി ഒന്നിനും ഒന്നേ നൽപ്പതിനും ഇടയിലായി നാന്തകം എഴുന്നള്ളിപ്പും കരിമരുന്ന് പ്രയോഗവും അരങ്ങേറും. വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് വള്ളിക്കുട എഴുന്നള്ളിപ്പും വെള്ളിയാഴ്ച കാളിയാട്ടവും നടക്കും. ഭഗവതിയുടെ ശ്രീ പിഷാരികാവിലേക്കുള്ള പുറപ്പാടോടെയാണ് ഉത്സവ ചടങ്ങുകൾ സമാപിക്കുന്നത്.
