നിപയിൽ ആശ്വാസം; പുതിയ രോഗബാധയില്ല

news image
Jun 15, 2026, 2:49 am GMT+0000 payyolionline.in

കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന എട്ടു പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് പുതിയ രോഗബാധയില്ല. അതേസമയം സമ്പർക്കപ്പട്ടികയിൽ മൂന്നു പേരെ കൂടി ഉൾപ്പെടുത്തി. നിലവിൽ 103പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. നിപ രോഗബാധിതൻ ചികിത്സയിൽ തുടരുകയാണ്. രോഗിക്ക് ഇന്ന് റെംഡിസിവർ ആദ്യ ഡോസ് നൽകി.

അതേസമയം നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചില്ലെന്ന ആരോപണത്തിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. 2018ൽ നിപ പടർന്ന് പിടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് അന്നത്തെ മന്ത്രി അവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു. ഇന്ന് നിപ മാത്രമല്ല, ഷിഗെല്ലയുമുണ്ട്. രോഗിയെ അഡ്മിറ്റ് ചെയ്യുന്നതടക്കം എല്ലാ കാര്യങ്ങളും ചെയ്ത ശേഷമാണ് താൻ മടങ്ങിയത്. സെൻട്രലൈസ്ഡ് പ്രവർത്തനത്തിന് കുറേ കൂടി സൗകര്യം തിരുവനന്തപുരത്താണ്. മാത്രവുമല്ല നിപ വ്യാപിച്ചിട്ടുമില്ല. കൂടുതൽ നിപ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ അന്ന് തന്നെ തിരികെ വരുമായിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. നിപ ഇതുവരെ അപകടകാരിയല്ലെന്നും രോഗിയുടെ ജീവൻ നിലനിർത്താനുള്ള പോരാട്ടമാണ് ഡോക്ടർമാർ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചിലെ 35 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ് സർവേ നടത്തിയിരുന്നു. ഇതോടെ ഡിവിഷനിലെ 320 വീടുകളിലെയും സന്ദർശനം പൂർത്തിയായി. രോഗബാധിതൻ നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe