‘എന്തിനാ മോനേ ഞങ്ങളെ കൊല്ലാൻ നോക്കിയത്?’; ബോംബേറ് കേസ് പ്രതികളോട് വികാരാധീനയായി ബിതുലിന്റെ അമ്മ

news image
Mar 25, 2026, 6:22 am GMT+0000 payyolionline.in

തോടന്നൂർ : കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ. സി.പി.എം പ്രവർത്തകരായ പ്രതികളോട് ബിതുലിന്റെ മാതാപിതാക്കൾ നടത്തിയ വൈകാരികമായ ചോദ്യങ്ങൾ കണ്ടുനിന്നവരിലും നോവായി. “രാത്രി കിടന്നുറങ്ങിയപ്പോൾ എന്തിനാണ് മോനേ ഞങ്ങളെ കൊല്ലാൻ നോക്കിയത്? ഞങ്ങളുടെ മോനെപ്പോലെയല്ലേ നീയും…” എന്നായിരുന്നു ബിതുലിന്റെ അമ്മ തങ്കമണിയുടെയും അച്ഛൻ ബാലന്റെയും ചോദ്യം.

തോടന്നൂർ സ്വദേശികളായ മിഥുൻ ലാൽ, രൂപേഷ് എന്നിവരെ ബിതുലിന്റെ തിരുവള്ളൂരിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ മാസം 27-ന് പുലർച്ചെ രണ്ടരയോടെയാണ് ബൈക്കിലെത്തിയ സംഘം വീടിന് നേരെ ബോംബെറിഞ്ഞത്. ജനൽചില്ലുകൾ തകർന്ന് വീടിനുള്ളിലേക്ക് തെറിച്ചെങ്കിലും ബിതുലിന്റെ മാതാപിതാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

ആരോഗ്യമന്ത്രി വീണാ ജോർജിനെ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി കാണിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തെളിവെടുപ്പിനിടെ സ്ഥലത്തെത്തിയ പ്രാദേശിക സി.പി.എം പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായതോടെ പ്രദേശം ചെറിയ തോതിൽ സംഘർഷഭരിതമായി. കനത്ത പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe