എന്ത് വൃത്തികേടും കാണിക്കാൻ മടിയില്ലാത്ത കൂട്ടർ; സിപിഐഎം-ബിജെപി ഡീൽ ആരോപണത്തിൽ നേമം ഉയർത്തി മുഖ്യമന്ത്രിയുടെ മറുപടി

news image
Mar 23, 2026, 7:15 am GMT+0000 payyolionline.in

തിരുവനന്തപുരം: സിപിഐഎം-ബിജെപി ഡീല്‍ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നേമം ഉയര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ മറുപടി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപി ജയിക്കാന്‍ കാരണം കോണ്‍ഗ്രസ്-ബിജെപി സഖ്യമാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീം ആയി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ പടക്കം പൊട്ടിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഒരുകാലത്തും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്തത് സിപിഐഎം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കോണ്‍ഗ്രസും യുഡിഎഫും എല്ലാഘട്ടത്തിലും ആര്‍എസ്എസുമായി ബന്ധമുണ്ടാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. കോ-ലീ-ബി സഖ്യം എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകുമല്ലോ? 2016ല്‍ നേമത്ത് നിന്നും ബിജെപി ജയിച്ചുവന്നല്ലോ. അന്ന് കോണ്‍ഗ്രസ് വോട്ടിന് എന്താണ് സംഭവിച്ചത്. വലിയ ഇടിവല്ലേ ഉണ്ടായത്. മറ്റൊരു മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവിന് ജയിച്ചുവരാനായി ഉണ്ടാക്കിയ ഡീല്‍ ആയിരുന്നില്ലേ അത്. ആ ഡീലിന്റെ ഭാഗമായല്ലേ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് സാധിച്ചത്. എന്ത് വൃത്തികേടും കാണിക്കാന്‍ മടിയില്ലാത്ത കൂട്ടരാണ് കോണ്‍ഗ്രസ് എന്ന് ആര്‍ക്കാണ് അറിയാത്തത്. ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ കഥ. അഖിലേന്ത്യാ തലത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും എത്രകണ്ടാണ് ബിജെപിയുടെ ബി ടീം ആയി മാറുന്നത്’, എന്നും മുഖ്യമന്ത്രി ചോദിച്ചു.

‘കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷതയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കും. വികസനവും ജനക്ഷേമവുമാണ് ജനങ്ങളുടെ മുന്നില്‍ വെയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അസത്യം പ്രചരിപ്പിച്ചും വര്‍ഗീയതയെ കൂട്ടുപിടിച്ചും ജനങ്ങളെ വഴിതെറ്റിക്കാന്‍ വലതുപക്ഷ ശ്രമം നടക്കുന്നു. വലതുപക്ഷ രാഷ്ട്രീയ സംസ്‌കാരം ഇന്ന് കേരളത്തിന് അന്യമാണ്. അധികാരത്തിലെത്തിയാല്‍ പ്രകടനപത്രിക ചവറ്റുകൊട്ടയില്‍ എറിയുന്നത് ആ സംസ്‌കാരമാണ്. പത്ത് കൊല്ലം മുന്‍പത്തെ ആശുപത്രികളുടെ ശോചനീയാവസ്ഥ ആരും മറക്കില്ല. പാഠപുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് ഉപയോഗിക്കുന്ന അവസ്ഥയാണ്. ആരോഗ്യമേഖല വെന്റിലേറ്ററിലായത് പത്ത് കൊല്ലം മുന്‍പാണ്. വൈദ്യുതരംഗത്ത് സമ്പൂര്‍ണ്ണ പരാജയമാണ്. പൊതുവിതരണ രംഗം നശിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തം എല്‍ഡിഎഫ് ഏറ്റെടുത്തത് ഇരുണ്ടകാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe