സ്കൂൾ തുറക്കും മുൻപ് ഒരുക്കങ്ങൾ പൂർത്തിയായി; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ ‘ശുചിത്വോത്സവം’ സംഘടിപ്പിച്ചു

news image
May 25, 2026, 12:23 pm GMT+0000 payyolionline.in

കൊയിലാണ്ടി: പുതിയ അധ്യയന വർഷത്തിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കാൻ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ ‘ശുചിത്വോത്സവം’ സംഘടിപ്പിച്ചു. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പും (എസ്.എസ്.ജി) കൊയിലാണ്ടി നഗരസഭയും സംയുക്തമായാണ് സ്കൂൾ ക്യാമ്പസ് ശുചീകരണ യജ്ഞം നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ നിർവഹിച്ചു.

വിദ്യാർത്ഥികളുടെ ആരോഗ്യവും പഠന നിലവാരവും മെച്ചപ്പെടുത്താൻ വൃത്തിയുള്ള സ്കൂൾ പരിസരം അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പരിസരത്തെ കാടുവെട്ടിത്തെളിക്കാനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനും അധ്യാപകരും രക്ഷിതാക്കളും തൊഴിലുറപ്പ് തൊഴിലാളികളും ഉൾപ്പെടെയുള്ളവർ സജീവമായി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

എസ്.എസ്.ജി ചെയർമാൻ സി. ജയരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ എം.ജി. ബൽരാജ് സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ എൻ.വി. പ്രദീപ്കുമാർ, വാർഡ് കൗൺസിലർ സി.കെ. ജയദേവൻ, പിടിഎ പ്രസിഡന്റ് എ. സജീവ് കുമാർ, എച്ച്.എം ഇൻചാർജ് ആർ. രഞ്ജു, സ്റ്റാഫ് സെക്രട്ടറി നവീന എം., എൻ.പി. രവീന്ദ്രൻ, ജയരാജ് പണിക്കർ, ശ്രീലാൽ പെരുവട്ടൂർ, തൊഴിലുറപ്പ് മേറ്റ് ഗീതാ സി. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe