കോഴിക്കോട്: റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിലെ ഫെസിലിറ്റേറ്റർമാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി റെയിൽവേ പോലീസിന്റെ പിടിയിലായി. ഒഡീഷ സമന്ത്രാപ്പൂർ സ്വദേശിയായ നാരായൺ പാണ്ഡെ (20) ആണ് അറസ്റ്റിലായത്. ഡിജിറ്റൽ പണമിടപാടുകളുടെ വ്യാജ രേഖകൾ കാണിച്ച് ടിക്കറ്റ് കൈക്കലാക്കിയ ശേഷം അവ റദ്ദാക്കി പണം തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി.
കഴിഞ്ഞ ഫെബ്രുവരി 23-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നിസാമുദ്ദീനിലേക്ക് 8,100 രൂപയുടെ ഏഴ് ടിക്കറ്റുകൾ ഇയാൾ എടുത്തിരുന്നു. റെയിൽവേ എ.ടി.വി.എം. (ATVM) കൗണ്ടറിലെ ക്യു.ആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ഫെസിലിറ്റേറ്ററുടെ മൊബൈൽ നമ്പർ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. പണം അയച്ചുവെന്ന് വിശ്വസിപ്പിക്കാൻ ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻഷോട്ടും ബാങ്ക് സന്ദേശവും ഇയാൾ കാണിച്ചു. എന്നാൽ ഫെസിലിറ്റേറ്ററുടെ അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് തന്നെ ഇയാളെ പോലീസ് കുടുക്കി. ടിക്കറ്റ് കൈക്കലാക്കിയ ശേഷം പ്രധാന കൗണ്ടറിൽ കൊണ്ടുപോയി അത് റദ്ദാക്കി പണം കൈപ്പറ്റുകയാണ് ഇയാൾ ചെയ്തിരുന്നത്. സമാനമായ രീതിയിൽ ഇയാൾ മുൻപും പലയിടങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്പെക്ടർ സി. പ്രദീപ് കുമാർ, എസ്.ഐ. എം. ജയന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡിജിറ്റൽ ഇടപാടുകളിൽ ടിക്കറ്റ് കൗണ്ടറുകളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് റെയിൽവേ പോലീസ് നിർദ്ദേശിച്ചു.
