മിനിമം ബാലൻസില്ലെങ്കിൽ ‘പിഴക്കൊള്ള’; പൊതുമേഖലാ ബാങ്കുകൾ ജനങ്ങളിൽ നിന്ന് തട്ടിയത് 8,000 കോടിയിലധികം രൂപ

news image
Feb 3, 2026, 4:45 pm GMT+0000 payyolionline.in

ന്യൂഡൽഹി: സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് പിഴയായി ഈടാക്കിയത് 8,000 കോടിയിലധികം രൂപ.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലുള്ള കണക്കുകൾ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, സാധാരണക്കാരായ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്നാണ് ഇത്രയും വലിയ തുക ബാങ്കുകൾ പിഴയിനത്തിൽ ഈടാക്കിയിരിക്കുന്നത്. ബാങ്കിങ് മേഖലയിലെ ഡിജിറ്റലൈസേഷനും സേവന മെച്ചപ്പെടുത്തലിനും വേണ്ടിയാണെന്ന വാദമുയർത്തിയാണ് ഇത്തരം ചാർജുകൾ ഈടാക്കുന്നത്. എന്നാൽ ഇത് സാധാരണക്കാരായ ഇടപാടുകാർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. വിവിധ പൊതുമേഖലാ ബാങ്കുകൾ ഓരോ സാമ്പത്തിക വർഷവും ഈ ഇനത്തിൽ ഈടാക്കുന്ന തുകയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

 

പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും അക്കൗണ്ടുകളിൽ നിന്ന് പണം പിഴയായി ഈടാക്കുന്നത് സാമൂഹികമായ അനീതിയാണെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

മിനിമം ബാലൻസ് നിബന്ധനയില്ലാത്ത ‘സീറോ ബാലൻസ്’ അക്കൗണ്ടുകൾ ഉണ്ടെങ്കിലും, പല ഉപഭോക്താക്കളും അറിയാതെ തന്നെ സാധാരണ സേവിങ്സ് അക്കൗണ്ടുകളിലേക്ക് മാറുന്നതും പിഴ ഈടാക്കാൻ കാരണമാകുന്നുണ്ട്. ബാങ്കുകളുടെ ഈ നടപടിക്കെതിരെ പാർലമെന്റിലടക്കം പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. ലോൺ കുടിശ്ശിക വരുത്തുന്ന വൻകിടക്കാർക്ക് ഇളവുകൾ നൽകുമ്പോൾ, അക്കൗണ്ടിൽ തുച്ഛമായ പണം ഇല്ലാത്തതിന്റെ പേരിൽ പാവപ്പെട്ടവരെ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പിഴ ഈടാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ റിസർവ് ബാങ്ക് അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe