വടകര∙ സന്ധ്യ കഴിഞ്ഞാൽ നഗരത്തിൽ ഓട്ടോറിക്ഷ കിട്ടാൻ പെടാപ്പാട്. ഓട്ടോ സ്റ്റാൻഡുകൾ കാലിയാവുന്നതോടെ നഗരത്തിലെത്തുന്ന ജനം വലയുന്നു. രാത്രി 10 കഴിഞ്ഞാൽ വീണ്ടും ഓട്ടോറിക്ഷകൾ സജീവമാകും. അപ്പോൾ വാങ്ങുന്നത് ഇരട്ടി ചാർജ്. കുറെ കാലമായി രാത്രിയായാൽ നഗരത്തിൽ ഓട്ടോറിക്ഷ കിട്ടാത്ത പ്രശ്നമുണ്ട്. ട്രെയിനിലും ബസിലും ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവരും ഓട്ടോയ്ക്കു പിറകെ ഓട്ടമാണ്. സന്ധ്യയ്ക്കു ശേഷം നഗരത്തിൽ ആളെ ഇറക്കി പോകുന്ന ഓട്ടോറിക്ഷകൾ ആളെ കയറ്റുന്നില്ല. ഇന്റർവ്യൂ നടത്തി ആളെ കയറ്റുന്ന ചിലരുണ്ട്. ഇവർക്കു വലിയ ഓട്ടം കിട്ടണം. അല്ലെങ്കിൽ കയറ്റില്ല.
ഈയവസ്ഥയ്ക്ക് പരിഹാരം കാണാൻ ഓട്ടോ ട്രാക്കുകൾക്ക് സമീപം പലപ്പോഴും പൊലീസ് ഡ്യൂട്ടിയിൽ ഉണ്ടാകുമെങ്കിലും ഫലമില്ല. പലപ്പോഴും ഡ്രൈവർമാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നു. മൂവായിരത്തിലധികം ഓട്ടോറിക്ഷകൾക്ക് നഗരത്തിൽ മുനിസിപ്പൽ പാർക്കിങ് പെർമിറ്റ് ഉള്ളപ്പോഴാണ് ഈയവസ്ഥ. ദേശീയ പാതയിലും അനുബന്ധ റോഡുകളിലും സന്ധ്യയോടെ പതിവാകുന്ന ഗതാഗതക്കുരുക്ക് കാരണം ഓട്ടോ ഓടിക്കാൻ കഴിയുന്നില്ലെന്നാണ് ഡ്രൈവർമാർ പറയുന്നത്. കുരുക്ക് രൂക്ഷമാകുന്നത് സന്ധ്യയ്ക്കു ശേഷമാണ്. അടുത്ത സ്ഥലങ്ങളിലേക്ക് പോകാൻ പോലും ഏറെ സമയം എടുക്കുന്നുവെന്നാണ് അവരുടെ പരാതി.
