വടകര: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റ് കോഴിക്കോടിൻ്റെ നേതൃത്വത്തിൽ ‘ഐ.എസ്.ആർ.ഒ യിലെ കുട്ടിക്കാലം പുസ്തക ചർച്ചയും’ ശാസ്ത്രാധ്യാപക ശിൽപ്പശാലയും സംഘടിപ്പിച്ചു. വടകര സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയും യു.എൽ സ്പേസ് ക്ലബ് അംഗവുമായ കുമാരി നിരുപമ അനീഷ് പുസ്തകം പരിചയപ്പെടുത്തി.
ഐഎസ്ആർഒ മുൻ ഡയറക്ടർ ഇ കെ കുട്ടി ഐ എസ് ആർ ഒ യിലെ തൻ്റെ മൂന്ന് പതിറ്റാണ്ട് നീണ്ട അനുഭവങ്ങൾ വിദ്യാർത്ഥികളുമായും ശാസ്ത്ര അധ്യാപകരുമായും പങ്കുവെച്ചു. ഐ.എസ് ആർ ഒ യിലെ മുൻ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കണ്ണോത്ത് കൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

റോക്കറ്റുകളുടെ ശാസ്ത്രത്തെക്കുറിച്ചും വിക്ഷേപണത്തെക്കുറിച്ചും കെ.കൃഷ്ണൻ സംസാരിച്ചു. ഡയറ്റ് ഇന്നവേഷൻ എക്സിബിഷൻ ലാബിന്റെ ആശയ രൂപീകരണ ശിൽപ്പശാലയ്ക്ക് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യുകെ അബ്ദുൽ നാസർ, ഡോ. ആതിര, ഡോ. രാഗിഷ എന്നിവർ നേതൃത്വം നൽകി. തുടർന്ന് അന്വേഷണാത്മക ശാസ്ത്രാധ്യാപനത്തിന്റെ പുതുവഴികളെക്കുറിച്ച്സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ പ്രശാന്ത് മാസ്റ്റർ, ഷാജിൽ യു കെ എന്നിവർ അധ്യാപകരുമായി സംവദിച്ചു. പുത്തൂർ ഹയർസെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ ശാസ്ത്ര വിദ്യാർത്ഥികൾ, ‘ഡിഎൽഎഡ് വിദ്യാർത്ഥികൾ, വടകര ഉപജില്ലയിലെ ശാസ്ത്ര അധ്യാപകർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു
