കൽപറ്റ:ആത്മഹത്യ പ്രേരണക്കേസിൽ പ്രതിയായ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ശനിയാഴ്ച വിധി പറയും. ഡിസിസി ട്രഷറർ എൻ.എം.വിജയൻ, മകൻ ജിജേഷ് എന്നിവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷർ കെ.കെ.ഗോപിനാഥൻ എന്നിവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇവർ മുൻകൂർ ജാമ്യത്തിനായി കൽപറ്റ സെഷൻസ് കോടതിയെ സമീപിച്ചു. ഇന്നലെ ഐ.സി.ബാലകൃഷ്ണന്റെയും എൻ.ഡി.അപ്പച്ചന്റേയും വാദമാണ് കേട്ടത്. ഇന്ന് കെ.കെ.ഗോപിനാഥന്റെയും പ്രോസിക്യൂഷന്റേയും വാദം കേട്ടു.മൂന്നു പേരും ചേർന്നു ഗൂഢാലോചന നടത്തിയോ എന്നു പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
എൻ.എം.വിജയന്റെ മരണത്തിനു കാരണക്കാരായവർ ഈ മൂന്നുപേരാണെന്ന് ആത്മഹത്യക്കുറിപ്പിൽ അക്കമിട്ട് പറയുന്നുണ്ട്. കോൺഗ്രസാണ് ജീവിതം നശിപ്പിച്ചതെന്നും കത്തിൽനിന്ന് വ്യക്തമാണ്. എൻ.എം.വിജയന്റെ കത്ത് മരണമൊഴിയായി കണക്കാക്കി മൂന്നു പേർക്കും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ആത്മഹത്യയ്ക്കു കാരണം പണമിടപാടല്ലെന്നും കുടുംബ പ്രശ്നമാണെന്നും പുറത്തുവന്ന കത്തുകളുടെ ആധികാരികത സംബന്ധിച്ചു സംശയമുണ്ടെന്നും കെ.കെ.ഗോപിനാഥൻ കോടതിയെ അറിയിച്ചു.
നേതാക്കളുടെ പേരെഴുതിയ കത്ത് എൻ.എം.വിജയൻ രണ്ട് വർഷം മുമ്പ് എഴുതിയതാണെന്ന് ഐ.സി.ബാലകൃഷ്ണന് വേണ്ടി ഹാജരായ അഭിഭാഷകൻ ഇന്നലെ വാദിച്ചു. ആത്മഹത്യയിൽ ഐ.സി.ബാലകൃഷ്ണന് ബന്ധമില്ല. ഐ.സി.ബാലകൃഷ്ണന്റെ ശുപാർശക്കത്തു പ്രകാരം മറ്റൊരാൾക്ക് ജോലി ലഭിക്കുകയും തന്റെ മകന് ജോലി നഷ്ടപ്പെട്ടെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. എന്നാൽ കത്ത് നൽകിയതുകൊണ്ടു ജോലി നൽകിയിട്ടില്ലെന്നു ബാങ്കും ജോലി ലഭിച്ചില്ലെന്ന് ഉദ്യോഗാർഥിയും ഇതിനകം തന്നെ വ്യക്തമാക്കിയതാണെന്നും അഭിഭാഷകൻ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഐ.സി.ബാലകൃഷ്ണൻ ഉൾപ്പെടെ മൂന്നു പേരെ പൊലീസ് പ്രതിചേർത്തത്. തുടർന്ന് ഇവർ മുൻകൂർ ജാമ്യത്തിനായി കൽപറ്റ സെഷൻസ് കോടതിയെ സമീപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണനയ്ക്ക് എടുത്തെങ്കിലും വാദം കേൾക്കുന്നതു ബുധനാഴ്ചത്തേക്കു മാറ്റുകയായിരുന്നു. ഇന്നലെ ഐ.സി.ബാലകൃഷ്ണന്റെയും എൻ.ഡി.അപ്പച്ചന്റെയും വാദമാണ് കേട്ടത്. ഇന്ന് കെ.കെ.ഗോപിനാഥന്റെയും പ്രോസിക്യൂഷന്റേയും വാദം കേട്ടു. വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചു. അതേസമയം, മൂന്നു പേരും കേസെടുത്ത അന്നു മുതൽ അജ്ഞാത കേന്ദ്രത്തിലാണ്.