ചോദ്യപേപ്പർ ചോർച്ച; അന്വേഷണം അധ്യാപകരിലേക്കും

news image
Dec 19, 2024, 7:50 am GMT+0000 payyolionline.in

തിരുവനന്തപുരം> ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം അധ്യാപകരിലേക്കും . എയ്ഡഡ് സ്കൂൾ അധ്യാപകരുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. യുട്യൂബ് ചാനലിൽ ക്ലാസുകൾ എടുക്കുകയും ക്ലാസുകൾ തയ്യാറാക്കാനായി സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് നേരെയാണ് അന്വേഷണം.

എംഎസ് സൊല്യൂഷനെതിരെ മുമ്പ് പരാതി നൽകിയ സ്കൂൾ അധ്യാപകരുടെ മൊഴിയെടുത്തു . കോഴിക്കോട് ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇവരിൽ നിന്ന് തെളിവുകളും ശേഖരിച്ചു.

 

 

ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. അധ്യാപകർക്കോ വിദ്യാഭ്യാസ വകുപ്പിലെ മറ്റു ജീവനക്കാർക്കോ പങ്കുള്ളതായി അറിയില്ലെന്നാണ് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചതിന് ശേഷം ആരോപണ വിധേയരായ എംഎസ് സൊലുഷ്യൻസ് ഉടമയിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും. നടപടി ആവശ്യപ്പെട്ട് കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച പരാതിയിൽ അവർ കണ്ടെത്തിയ കാര്യങ്ങളും നിഗമനങ്ങളും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്നും ചോദിച്ചറിഞ്ഞിട്ടുണ്ട്. മുൻ കാലങ്ങളിലെ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പട്ട രേഖകളും ശേഖരിച്ചു. കോഴിക്കോട് ഡിഡിഇ താമരശ്ശേരി ഡിഇഒ , കൊടുവള്ളി എഇഒ എന്നിവരിൽ നിന്നാണ് വിവരങ്ങൾ എടുത്തത് . കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻസ് അടക്കം ചോദ്യങ്ങൾ പ്രവചിച്ച മുഴുവൻ യൂട്യൂബ ചാനലുകൾക്കെതിരെയും അന്വേഷണം വേണമെന്ന് ഡിഡിഇ മനോജ് കുമാർ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. എംഎസ് സൊല്യൂഷൻ യു ട്യൂബ് ചാനലിലെ വിഡിയോകളും സംഘം പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷം എംഎസ് സൊലുഷ്യൻസ് ഉടമയുടെയും ചോദ്യങ്ങൾ തയ്യാറാക്കിയ അധ്യാപകരുടെയും മൊഴിയെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe