പാർക്കിങ്ങിനെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി

news image
Dec 16, 2024, 5:45 am GMT+0000 payyolionline.in

പത്തനംതിട്ട > പത്തനംതിട്ട റാന്നിയിൽ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി. ഇന്നലെയാണ് റാന്നി ചേതോങ്കര സ്വദേശി അമ്പാടി സുരേഷിനെ കാറിടിച്ചത്. അപകട മരണമെന്നായിരുന്നു ആദ്യ നി​ഗമനം. എന്നാൽ പിന്നീടാണ് സംഭവത്തിന് ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്നും സംശയുണ്ടായത്. വിശദമായ അന്വേഷണത്തിൽ അമ്പാടിയെ കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയെന്ന് റാന്നി പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ റാന്നി മന്ദമരുതിൽ വച്ചാണ് അമ്പാടിയെ കാറിടിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. നാട്ടുകാരാണ് ​ഗുരുതരമായി പരിക്കേറ്റ അമ്പാടിയെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ അമ്പാടി മരിക്കുകയായിരുന്നു. അപകടമരണം എന്ന രീതിയിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പിന്നീട്  ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് അപകടം കൊലപാതകമാണ് എന്ന് വ്യക്തമായത്.

ഇന്നലെ ഉച്ചയ്ക്ക് റാന്നി ബിവറേജസിനു സമീപത്ത് വച്ച് അമ്പാടിയുടെ സഹോദരനും കൂട്ടുകാരും മറ്റൊരു സംഘവുമായി  പാർക്കിങ്ങിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. ഇത് പിന്നീട് അടിപിടിയിലാണ് കലാശിച്ചത്. രാത്രി സഹോദരനും കൂട്ടുകാർക്കും ഒപ്പം അമ്പാടിയും ഉണ്ടായിരുന്നു. ഈ സമയത്താണ് എതിർ സംഘം കാറുമായെത്തി ആക്രമണം നടത്തിയത്. കാറിൽ നിന്ന് അമ്പാടി പുറത്തിറങ്ങിയപ്പോൾ എതിർ ഗ്യാങ് കാർ കൊണ്ട് ഇടിച്ചു വീഴ്ത്തുകയും അമ്പാടിയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയുമായിരുന്നു. കാർ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റാന്നി സ്വദേശികളായ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe