സംസ്കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കീഴടക്കിയ സംഗീതജ്ഞൻ; ഉസ്താദ് സാക്കിർ ഹുസൈന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി

news image
Dec 16, 2024, 4:53 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീർ ഹുസൈനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ക്ലാസിക്കൽ സംഗീത പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും അപാരമായ സിദ്ധിയും സക്കീർ ഹുസൈനെ അനുപമനായ സംഗീതജ്ഞനാക്കി മാറ്റിയെന്ന് പിണറായി അനുശോചന കുറിപ്പിൽ പറഞ്ഞു.

ലോകസംഗീതവും അതിലെ സമകാലിക ഭാവുകത്വങ്ങളും തന്‍റെ കലയിൽ അദ്ദേഹം വിലയിപ്പിക്കുകയും അനുവാചകരെ നിരന്തരം വിസ്മയിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്  അഭിമാനം പകരുന്ന ഗ്രാമി ഉൾപ്പെടെയുള്ള അന്തർദ്ദേശിയ പുരസ്കാരങ്ങൾ നിരവധി തവണ അദ്ദേഹത്തെ തേടിയെത്തി. സക്കീർ ഹുസൈന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു- പിണറായി വിജയൻ അനുശോചിച്ചു.

ഇന്ന് രാവിലെയാണ് ലോകപ്രശസ്തനായ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്‍റെ മരണം കുടുംബം സ്ഥിരീകരിച്ചത്. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 73 വയസായിരുന്നു.  സാക്കിർ ഹുസൈൻ അന്തരിച്ചതായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഉൾപ്പെടെ കഴിഞ്ഞ ദിവസം രാത്രി ട്വീറ്റ് ചെയ്തതോടെ രാജ്യമെങ്ങുമുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ കുടുംബം ഇത് നിഷേധിച്ചു. പിന്നീട് രാവിലെയോടെ കുടുംബാംഗങ്ങള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. . ഇന്ത്യൻ സമയം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്‍റെ മരണം കുടുംബം സ്ഥിരീകരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe