ഹൈദരാബാദ്: നടന് അല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന ഹൈക്കോടതിയുടേതാണ് വിധി. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു വിധി പ്രഖ്യാപനം. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു.
![](https://payyolionline.in/wp-content/uploads/2024/12/WhatsApp-Image-2024-12-09-at-7.09.53-PM-1.jpeg)
ഒരു ജനപ്രീയ താരം എന്നുള്ളതുകൊണ്ട് മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രമോഷന് നടത്താനോ പാടില്ലെന്ന തരത്തില്‍ അല്ലു അര്‍ജുനുമേല്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ കഴിയില്ല. ഒരു പ്രമോഷന്റെ ഭാഗമായി ഒരിടത്ത് നടന് പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തല്ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ ആ കുറ്റം അല്ലു അർജുന് മേൽ മാത്രം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. സൂപ്പർ താരമാണെന്ന് കരുതി അല്ലു അർജുനോട് ഒരു പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറയാൻ കഴിയില്ലെന്നും അത് ഒരു പൗരനെന്ന നിലയിൽ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.